വർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തി കുവൈത്ത്
|ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്തിൽ ചില രാജ്യങ്ങളിലെ തൊഴിലാളികൾക്ക് വർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പ്രവാസി തൊഴിലാളികൾക്ക് മിനിമം ശമ്പളം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഈജിപ്ഷ്യൻ എംബസി നിശ്ചയിച്ച പുതിയ വ്യവസ്ഥകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ സെപ്തംബർ മാസം മുതൽ ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിസ നിരോധനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് കടകവിരുദ്ധമായി ഈജിപ്ത് എംബസി ഏർപ്പെടുത്തിയ നിബന്ധനകളാണ് കുവൈത്തിനെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ. കുടുംബ വിസയിൽ ഈജിപ്തിൽ നിന്നും കുവൈത്തിലേക്ക് എത്തുന്നവർക്ക് കുവൈത്ത് എംബസി വിസാ സ്റ്റാമ്പിങ് ഫീസ് ഒറ്റയടിക്ക് മൂന്നിരട്ടിയായി നേരത്തെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലേയും ഇലക്ട്രോണിക് തൊഴിൽ ശേഷി സംവിധാനവും നിർത്തലാക്കിയിരുന്നു.
ഇന്ത്യക്കാർ കഴിഞ്ഞാൽ കുവൈത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശി സമൂഹമാണ് ഈജിപ്തുകാർ. നിലവിൽ വിദേശികൾക്ക് വിസിറ്റ് വിസയിലും ഫാമിലി വിസ അനുവദിക്കുന്നതിലും കർശന നിയന്ത്രണമാണുള്ളത്.