ഇഖാമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമാക്കി കുവൈത്ത്
|രേഖകൾ ഇല്ലാതെ പിടിയിലാകുന്ന വിദേശികൾക്ക് യാതൊരുവിധ ഇളവും നൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയം.
കുവൈത്തിൽ ഇഖാമ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. 200 ഓളം വിദേശികളാണ് രണ്ടിടങ്ങളിലായി ഇന്ന് രാവിലെ നടന്ന പരിശോധന കാമ്പയിനിൽ പിടിയിലായത്.
പല തവണ ഇളവുകൾ നൽകിയിട്ടും താമസം നിയമ വിധേയമാകാത്ത വിദേശികളെ പ്രത്യേക കാമ്പയിനിലൂടെ പിടികൂടാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. പൊതു സുരക്ഷാ വിഭാഗം മേധാവി മേജർ ജനറൽ ഫറാജ് അൽ സൗബിയുടെ മേൽനോട്ടത്തിൽ സബ്ഹാൻ, ഫഹാഹീൽ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബുധനാഴ്ചത്തെ പരിശോധന.
സബ്ഹാനിൽ നിന്ന് ഇഖാമ കാലാവധി കഴിഞ്ഞവർ ഉൾപ്പെടെ 118 പേരെയും ഫഹാഹീലിൽ നിന്ന് 74 പേരെയും പോലീസ് അറസ്റ് ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിയതിനാൽ നിർത്തിവെച്ചിരുന്ന പരിശോധന ശക്തമായി തിരിച്ചെത്തുകയാണെന്ന് സൂചനകൾ.
ചൊവ്വാഴ്ച ബിനീദ് അൽ ഗാറിൽനിന്നു 96 വിദേശികളെ പിടികൂടിയിരുന്നു. വരും ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു റെയിഡ് സജീവമാക്കുമെന്നു അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ ഗവർണറേറ്റിൽ വൻ സന്നാഹങ്ങളുമായി പരിശോധന ഉണ്ടാകുമെന്നു സുരക്ഷാവൃത്തങ്ങൾ സൂചന നൽകി.
രേഖകൾ ഇല്ലാതെ പിടിയിലാകുന്ന വിദേശികൾക്ക് യാതൊരു വിധ ഇളവും നൽകേണ്ടതില്ലെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറക്ക് പഴുതടച്ച പരിശോധനയിലൂടെ രാജ്യത്തെ താമസ നിയമലംഘകരെ മുഴുവൻ പിടികൂടി നാടുകടത്തുമെന്നു അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.