കുവൈത്തില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
|എട്ട് മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക
കുവൈത്തില്‍ മുനിസിപ്പല്‍ കൗണ്സിളിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് 21 ശനിയാഴ്ച നടക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആകെ പത്തു മുനിസിപ്പല്‍ മണ്ഡലങ്ങളിലായി 4,38,283 വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. ഇതില്‍ എട്ട് മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുക.
രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരാളികളില്ലാത്തതിനാല്‍ വോട്ടെടുപ്പില്ലാതെ ഇവര്‍ കൗണ്‍സിലര്‍മാരായി എത്തും. ഏഴാം മണ്ഡലത്തിലെയും ഒമ്പതാം മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 38 സ്ഥാനാര്‍ഥികളാണ് എട്ടിടങ്ങളിലായി ജനവിധി തേടുന്നത്.
സ്വതന്ത്രവും ജനാധിപത്യപരവുമായ അന്തരീക്ഷത്തില്‍ സുഗമമായി വോട്ടെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പ് പൂര്‍ത്തിയാക്കിയതായും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ് പറഞ്ഞു.
നാല് വര്‍ഷത്തിലൊരിക്കലാണ് കുവൈത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തംഗ കൗണ്‍സിലിലേക്കാണ് തെരഞ്ഞെടുപ്പ്. ആറുപേരെ മന്ത്രിസഭ നിയമിക്കുന്നതുള്‍പ്പെടെ മൊത്തം 16 പേരാണ് മുനിസിപ്പാലിറ്റി ഭരണ സമിതിയില്‍ ഉണ്ടാവുക.