സ്വദേശിവൽകരണം ശക്തമാക്കാൻ കുവൈത്ത്; നടപടികൾ ആരംഭിച്ചു
|- ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്വദേശിവൽകരണം നടപ്പിലാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൂടുതൽ സ്വദേശിവൽകരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നടപ്പാക്കി വരുന്ന സ്വദേശിവൽകരണ നടപടികള്‍ക്കു വേഗം കൂട്ടാനും ഒരു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ സ്വദേശിവൽകരണം നടപ്പിലാക്കുവാനുമാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഇത് സംബന്ധമായ നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്വദേശികള്‍ക്ക് കൂടുതലായി ജോലി നല്‍കണമെന്ന നയത്തിന്റെ ഭാഗമായാണ് ഇത്. വിദേശികള്‍ അത്യാവശ്യമായ ജോലി തസ്തികളില്‍ ഒരു വര്‍ഷം സമയം നല്‍കും. തുടര്‍ന്ന് സ്വദേശികള്‍ പ്രാപ്തരാകുന്ന മുറക്ക് ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തും. നിലവില്‍ നാലു ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരാണ് കുവൈറ്റിലുള്ളത്. ഇതില്‍ ഇരുപതു ശതമാനം വിദേശികളാണ്. നേരത്തെ സ്വദേശിവത്കരണം മൂലം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ആയിരക്കണക്കിന് വിദേശികളാണ് ജോലി നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത്. നിയമം നടപ്പിലായാല്‍ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ പ്രതിസന്ധിയിലാകും.