നടപ്പാതകളിലെ ചൂട് കുറയ്ക്കാൻ ജപ്പാൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കുവൈത്ത്
|പരമ്പരാഗത നടപ്പാതയിൽ 45 ഡിഗ്രി താപനില രേഖപ്പെടുത്തിയപ്പോൾ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയ ഭാഗത്ത് 38 ഡിഗ്രി ആയിരുന്നു
നടപ്പാതകളിലെ ചൂട് കുറയ്ക്കാൻ ജപ്പാൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ ഒരുങ്ങി കുവൈത്ത് പരിസ്ഥിതി അതോറിറ്റി. മിഷ്രിഫിലെ നടപ്പാതയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അധികൃതർ ആലോചിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് മിശ്രിഫിലെ നടപ്പാതയിൽ ചൂട് കുറയ്ക്കാനുള്ള ജപ്പാൻ ടെക്നോളജി പരീക്ഷിച്ചത്. താപനില ഏഴ് മുതൽ 10 ഡിഗ്രി വരെ കുറയ്ക്കുന്ന തരത്തിൽ പ്രത്യേക താപപ്രതിരോധ ആവരണം നടപ്പാതയിൽ വിരിച്ചായിരുന്നു പരീക്ഷണം.
കുവൈത്തിലെ ജപ്പാൻ അംബാസഡറുടെ നേതൃത്വത്തിൽ പബ്ലിക് അതോറിറ്റി, മിശ്രിഫ് സഹകരണ സംഘം പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് പദ്ധതി വിജയകരമാണെന്ന് കണ്ടെത്തിയത്. പരമ്പരാഗത നടപ്പാതയിൽ 45 ഡിഗ്രി താപനില രേഖപ്പെടുത്തിയപ്പോൾ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയ ഭാഗത്ത് 38 ഡിഗ്രി ആയിരുന്നു. ജപ്പാനിൽ പാർക്കിലും നടപ്പാതയിലും മറ്റു സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നതാണ് ഇത്തരം ഇൻസുലേഷൻ. കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി പരീക്ഷണ ഫലം ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. മിശ്രിഫിൽ തന്നെ അഞ്ച് കിലോമീറ്റർ നടപ്പാതയിൽ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചർച്ച നടക്കുന്നത്.