Kuwait
Kuwait with restrictions to take gold abroad
Kuwait

സ്വർണം വിദേശത്തേക്ക് കൊണ്ടുപോകാൻ നിയന്ത്രണവുമായി കുവൈത്ത്; ആവശ്യമായ രേഖകൾ വാങ്ങണം

Web Desk
|
19 May 2023 7:07 PM GMT

യാത്രക്കാര്‍ വലിയ അളവില്‍ സ്വർണം കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്.

കുവൈത്ത് സിറ്റി: സ്വര്‍ണം വിദേശത്ത് കൊണ്ടുപോകുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്. ഗോള്‍ഡ്‌ ബാറും സ്വര്‍ണ നാണയങ്ങളും കൊണ്ടുവരുന്നതിനാണ് നിയന്ത്രണം. യാത്ര എളുപ്പമാക്കാനാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കുവൈത്ത് യാത്രയ്ക്ക് മുമ്പേ എയർ കാർഗോ കസ്റ്റംസ് വകുപ്പിൽ നിന്ന് ആവശ്യമായ രേഖകള്‍ വാങ്ങണമെന്ന് അധികൃതര്‍ പറയുന്നു.

കുവൈത്തില്‍ നിന്നും ഗോള്‍ഡ്‌ ബാറുമായോ, സ്വര്‍ണ നാണയങ്ങളുമായി പുറത്തേക്ക് യാത്ര ചെയ്യുന്ന സ്വദേശികളും വിദേശികളും യാത്രയ്ക്ക് മുമ്പായി വിമാനത്താവളത്തിലെ എയർ കാർഗോ കസ്റ്റംസ് വകുപ്പിൽ നിന്നും ആവശ്യമായ രേഖകള്‍ തയാറാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഉത്തരവ് പ്രകാരം യാത്രയ്ക്ക് ഒരു ദിനം മുമ്പേ സ്വര്‍ണക്കട്ടികളുമായി ബന്ധപ്പെട്ട രസീത് അടക്കമുള്ള രേഖകള്‍ കസ്റ്റംസ് വകുപ്പിൽ സമര്‍പ്പിക്കണം.

കസ്റ്റംസ് വകുപ്പിൽ നിന്നും ലഭിക്കുന്ന അനുമതി പത്രവുമായാണ് യാത്രക്കാരന്‍ യാത്രയാവേണ്ടത്. തുടര്‍ന്ന് ഈ രേഖകള്‍ തങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ നിന്നും യാത്രക്കാര്‍ വലിയ അളവില്‍ സ്വർണം കൊണ്ടുപോകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്.

ഇത്തരത്തില്‍ ഉടമസ്ഥാവകാശത്തിന്‍റെ ഒദ്യോഗികമായ രേഖകള്‍ സൂക്ഷിക്കുന്നത് യാത്ര എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ സ്ത്രീകള്‍ വ്യക്തിഗത ഉപയോഗത്തിനായി ധരിക്കുന്ന ആഭരണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അളവില്‍ കവിഞ്ഞ രീതിയില്‍ ആഭരണങ്ങള്‍ കൊണ്ടുപോവുകയാണെങ്കില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കേണ്ടിവരും.



Similar Posts