നൂതന ശസ്ത്രക്രിയയിലൂടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച് കുവൈത്തി ഡോക്ടര്‍മാര്‍
|ഫർവാനിയ ആശുപത്രിയിലെ ഡോ. മുഹമ്മദ് ഷംസാ,ഡോ. സാദ് അൽ- ഒതൈബി,ഡോ. വാലിദ് ഹസൻ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്.
കുവൈത്ത് സിറ്റി: നൂതന ശസ്ത്രക്രിയാ രീതിയിലൂടെ ഒരു വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ച് കുവൈത്തി ഡോക്ടര്‍മാര്‍. ഫർവാനിയ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗമാണ് അപൂർവ ശസ്ത്രക്രിയയിലൂടെ കുവൈത്ത് ആരോഗ്യമേഖലയ്ക്ക് അഭിമാനമായത്. ഇ.സി.എം.ഒ രീതിയാണ് ഡോക്ടർമാർ അവലംബിച്ചത്.
ഇതാദ്യമായാണ് കുട്ടികളുടെ ഓപ്പറേഷനിൽ എൻഡോസ്കോപ്പിക് എക്സ്റ്റേണൽ മെംബ്രൺ ഓക്സിജൻ (ഇ.സി.എം.ഒ) സംവിധാനം ഉപയോഗിക്കുന്നത്. രക്തം ശരീരത്തിന് പുറത്ത് ഒരു കൃത്രിമ ഹൃദയ- ശ്വാസകോശ യന്ത്രത്തിലേക്ക് പമ്പ് ചെയ്യും. അതില്‍ നിന്നും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്ത് ഓക്സിജൻ അടങ്ങിയ രക്തം ശരീര കോശങ്ങളിലേക്ക് തിരികെ അയയ്ക്കുകയും ചെയ്യുന്നതാണ് ഇ.സി.എം.ഒ.
ഫർവാനിയ ആശുപത്രിയിലെ ഡോ. മുഹമ്മദ് ഷംസാ,ഡോ. സാദ് അൽ- ഒതൈബി,ഡോ. വാലിദ് ഹസൻ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നുവെന്ന് ഫർവാനിയ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ ഹാജ് പറഞ്ഞു.
എന്നാല്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതായും കുവൈത്ത് ആരോഗ്യമേഖലയുടെ അപൂർവനേട്ടം അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിക്കുമെന്നും ഡോ. അഹമ്മദ് അൽ ഹാജ് കൂട്ടിച്ചേർത്തു.