റോളക്സ് വാച്ച് തട്ടിപ്പിൽ കുവൈത്തിക്ക് 5,800 ദിനാർ നഷ്ടം
|ഡെലിവറി സമയം പറഞ്ഞത് രണ്ടാഴ്ച, ഒമ്പത് മാസത്തോളം കാത്തിരുന്നിട്ടും വാച്ച് ലഭിച്ചില്ല
കുവൈത്ത് സിറ്റി: റോളക്സ് വാച്ച് തട്ടിപ്പിൽ പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 36 കാരനായ കുവൈത്ത് പൗരന് 5,800 ദിനാർ നഷ്ടം. 'രണ്ടാഴ്ചയ്ക്കുള്ളിൽ വാച്ച് എത്തുമെന്നായിരുന്നു കരാർ എന്നാൽ ഞാൻ ഒമ്പത് മാസത്തോളം കാത്തിരുന്നു. ഒടുവിൽ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ് കേസ് ഫയൽ ചെയ്തു' കുവൈത്ത് പൗരൻ തന്റെ അനുഭവം പറഞ്ഞു.
പേരും ഫോൺ നമ്പറും കൊണ്ട് മാത്രം അറിയാവുന്നയാൾ രണ്ടാഴ്ചയാണ് ഡെലിവറി സമയം പറഞ്ഞിരുന്നതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. 2023 മോഡലായ റോളക്സ് 'ഡേടോണ' വാച്ചാണ് വാങ്ങിയതെന്നും വ്യക്തമാക്കി. 2023 സെപ്റ്റംബർ മൂന്നിന് ബാങ്ക് ട്രാൻസ്ഫർ വഴി 5,800 ദിനാർ പ്രതിക്ക് നൽകിയതായും പറഞ്ഞു. ബാങ്കിലൂടെ പണം കൈമാറിയതിന്റെ കോപ്പിയും പ്രതിയുമായി നടത്തിയ വാട്ട്സ്ആപ്പ് സംഭാഷണവും (ലിഖിത സംഭാഷണം) ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരൻ ഹാജരാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുകയാണ്.