ആശുപത്രികൾക്കുള്ള കോവിഡ് പെരുമാറ്റച്ചട്ടം പരിഷ്കരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം
|ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആളുകൾ ചികിത്സ തേടി എത്തുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് പരിഷ്കരിച്ച പ്രോട്ടോകോളിലുള്ളത്
ആശുപത്രികൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുമുള്ള കോവിഡ് പെരുമാറ്റച്ചട്ടം പരിഷ്കരിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം. കോവിഡ് സാഹചര്യം മെച്ചപ്പെടുകയും വാർഡുകളിലും തീവ്രപരിചരണത്തിലും രോഗികളുടെ എണ്ണം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ഹോസ്പിറ്റൽ പ്രോട്ടോകോൾ പരിഷ്കരിച്ചത്. കോവിഡ് ചികിത്സക്കായി ഉപയോഗിക്കാവുന്ന മരുന്നുകളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു.
ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആളുകൾ ചികിത്സ തേടി എത്തുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് പരിഷ്കരിച്ച പ്രോട്ടോകോളിലുള്ളത്. ഇതുപ്രകാരം ആശുപത്രികളിൽ കാഷ്വാലിറ്റി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കോവിഡ് രോഗികൾക്കുള്ള പ്രത്യേകം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒഴിവാക്കി പകരം കോവിഡിന് മുൻപുണ്ടായിരുന്നത് പോലെ ഒറ്റ കാത്തിരിപ്പ് കേന്ദ്രമാക്കി നിലനിർത്തും.
സർജറിക്കോ മറ്റു ചികിത്സക്കോ വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളിൽ കോവിഡ് പരിശോധന ആവശ്യമില്ലെന്നാണ് പുതിയ പ്രോട്ടോക്കോൾ പറയുന്നത്. രോഗി കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതിയാകും. കോവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ ആകുന്ന ആളുകൾക്ക് നേരത്തെ ഉണ്ടായിരുന്ന ക്വാറന്റൈൻ നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇവരും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതി. റംസ്ഡെവിർ, ഡെക്സാമെതസോൺ, സ്ട്രൂവിമാബ്, അസിത്രോ മൈസിൻ, ഡോക്സി സൈക്ലിൻ തുടങ്ങി കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്താവുന്ന പത്തോളം മരുന്നുകളുടെ പേരു വിവരങ്ങളും പ്രോട്ടോകോളിൽ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.