സ്പെയിനിലെ ഗൾഫ് റിയൽ എസ്റ്റേറ്റുകാരിൽ കുവൈത്തികൾ ഒന്നാമത്
|കയ്യിലുള്ളത് 7,000ത്തിലധികം സ്വത്തുക്കൾ
കുവൈത്ത് സിറ്റി: സ്പെയിനിലെ ഗൾഫ് റിയൽ എസ്റ്റേറ്റുകാരിൽ കുവൈത്തികൾ ഒന്നാമത്. സ്പെയിനിലെ 7,000ത്തിലധികം സ്വത്തുക്കളാണ് കുവൈത്തികളുടെ ഉടമസ്ഥതയിലുള്ളതെന്ന് കുവൈത്ത് എംബസി രേഖകൾ വ്യക്തമാക്കുന്നു. സുരക്ഷാ സാഹചര്യം, മത്സരാധിഷ്ഠിത വിലകൾ, റെസിഡൻഷ്യൽ പ്രോജക്റ്റുകളുടെ ഗുണനിലവാരം എന്നിവ കാരണം കുവൈത്തികളുടെ പ്രിയപ്പെട്ട യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് സ്പെയിനെന്ന് മാഡ്രിഡിലെ കുവൈത്ത് അംബാസഡർ ഖലീഫ അൽ ഖറാഫി പറഞ്ഞതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കോവിഡിന് ശേഷം പ്രതിവർഷം 45- 50 പ്രോപ്പർട്ടികളാണ് കുവൈത്തികൾ വാങ്ങുന്നത്. 2004നെ അപേക്ഷിച്ച് 2024ലെ ഇടപാടുകൾ 20 ശതമാനം വളർച്ച രേഖപ്പെടുത്തി. ഒരു ശതമാനമാണ് വാർഷിക വളർച്ചാ നിരക്ക്. പ്രോപ്പർട്ടികൾ തെക്ക് അൻഡലൂസിയ മേഖലയിലാണുള്ളത്, പ്രത്യേകിച്ച് മലാഗ പ്രവിശ്യയിൽ. ബാഴ്സലോണ, സെഗോവിയ, ടോളിഡോ എന്നീ പ്രദേശങ്ങളിലും പ്രോപ്പർട്ടികളുണ്ട്.
250,000 മുതൽ 450,000 യൂറോ വരെ (279,000 ഡോളർ മുതൽ 502,000 ഡോളർ വരെ) വിലയും ശരാശരി 100 ചതുരശ്ര മീറ്റർ വിസ്തീർണവുമുള്ള വീടുകൾ കുവൈത്തികൾക്ക് സ്വന്തമായുണ്ട്. ഒരു മില്യൺ യൂറോ (1.12 മില്യൺ ഡോളർ) വിലയുള്ള വീടുകളുമുണ്ട്.