'കുവൈത്തിലെ ബയോമെട്രിക്സ് പദ്ധതി ലക്ഷ്യമിടുന്നത് കൃത്യതയും തട്ടിപ്പ് തടയലും': നായിഫ് അൽ മുതൈരി
|പ്രവാസികളിൽ ഇനി വിരലടയാളം രേഖപ്പെടുത്താനുള്ളത് 7,23,494 പേർ
കുവൈത്ത് സിറ്റി: കുവൈത്തിലെ ബയോമെട്രിക് പദ്ധതി ലക്ഷ്യമിടുന്നത് കൃത്യതയും തട്ടിപ്പ് തടയലുമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐഡന്റിഫിക്കേഷൻ ഡിപാർട്ട്‌മെന്റ് മേധാവി ബ്രിഗേഡിയർ നായിഫ് അൽ മുതൈരി. ബയോമെട്രിക് സംവിധാനം നടപ്പിലായതോടെ വ്യക്തികളെ കൂടുതൽ വേഗത്തിൽ തിരിച്ചറിയുവാൻ സാധിക്കുന്നതായി അൽ മുതൈരി പറഞ്ഞു. സംശയമുള്ളവരെ കണ്ടെത്തലും കുറ്റകൃത്യങ്ങൾ കുറയ്ക്കലും സമൂഹത്തെ സംരക്ഷിക്കലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും കൃത്യതയും വർദ്ധിപ്പിക്കുകയുമാണ് ബയോമെട്രിക് ഫിംഗർപ്രിന്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലിലൊന്ന്. പേപ്പർ ഡോക്യുമെന്റുകൾ പോലുള്ള ആദ്യകാല തിരിച്ചറിയൽ രീതികൾ വഴി ഐഡന്റിറ്റി വെരിഫിക്കേഷന് ഏറെ സമയം എടുത്തിരുന്നു. എന്നാൽ പുതിയ സംവിധാനം വന്നതോടെ സെക്കൻഡുകൾ കൊണ്ട് വ്യക്തിയുമായി ബന്ധപ്പെട്ട പൂർണ്ണ വിവരങ്ങൾ ലഭിക്കുന്നതായി അൽ മുതൈരി പറഞ്ഞു.
വിരലടയാളം, മുഖം, റെറ്റിന സ്‌കാനിംഗ് തുടങ്ങിയ ഡാറ്റകളാണ് പ്രധാനമായും ബയോമെട്രിക് രജിസ്‌ട്രേഷൻറെ ഭാഗമായി എടുക്കുന്നത്. ഏറ്റവും സുരക്ഷിതമായ ഡാറ്റാബേസുകളിലാണ് ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത്. അത് കൊണ്ട് തന്നെ സിസ്റ്റം ഹാക്ക് ചെയ്യാനുള്ള സാധ്യത വിരളമാണെന്ന് അദ്ദേഹം പറഞ്ഞു. 9.75 ലക്ഷം കുവൈത്ത് പൗരന്മാരിൽ 9.45 ലക്ഷം പൗരന്മാർ ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്. ബയോമെട്രിക് പൂർത്തിയാക്കാത്ത സ്വദേശികളുടെ എല്ലാ സർക്കാർ സേവനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പ്രവാസികളുടെ ബയോമെട്രിക് രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയ്യതി ഡിസംബർ 30നാണ്. നിലവിൽ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ബയോമെട്രിക് രജിസ്‌ട്രേഷൻ സേവനം ലഭ്യമായിട്ടുള്ളത്.