Kuwait
കുവൈത്തിൽ നിർമിച്ച ആദ്യ ഉപഗ്രഹം യു.എസിലെ ഫ്ളോറിഡയിൽ നിന്ന് വിക്ഷേപിക്കും
Kuwait

കുവൈത്തിൽ നിർമിച്ച ആദ്യ ഉപഗ്രഹം യു.എസിലെ ഫ്ളോറിഡയിൽ നിന്ന് വിക്ഷേപിക്കും

Web Desk
|
1 Jan 2023 5:55 PM GMT

ഉപഗ്രഹ നിർമാണത്തിനായി മൂന്ന് ലക്ഷത്തി പതിനായിരം ദിനാറാണ് ചിലവായത്

കുവൈത്തിൽ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ഉപഗ്രഹമായ കുവൈത്ത് സാറ്റ് - 1 ജനുവരി മൂന്നിന് വിക്ഷേപിക്കും. അമേരിക്കയിലെ ഫ്ളോറിഡ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് കുവൈത്ത് സാറ്റിന്റെ വിക്ഷേപണം. പൂർണ്ണമായും കുവൈത്തിൽ നിർമ്മിതമായ ആദ്യത്തെ ഉപഗ്രഹമാണ് കുവൈത്ത് സാറ്റ് - 1. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുന്നതെന്ന് കുവൈത്ത് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്ത് വൈദഗ്ദ്യം നേടിയവരും മികച്ച പരിശീലനം നേടിയവരുമായ കുവൈത്തിലെ യുവ ശാസ്ത്രജ്ഞൻമാരുടെ സംഘമാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. ഉപഗ്രഹത്തിൽ ഘടിപ്പിച്ച ഹൈ-ഡെഫനിഷൻ ക്യാമറ ഉപയോഗിച്ച് രാജ്യത്തെ ജലാശയങ്ങളിലെ മലിനീകരണ തോത് വിശകലനം ചെയ്യാൻ സാധിക്കുമെന്ന് കുവൈത്ത് യൂണിവേഴ്സിറ്റി പറഞ്ഞു.

രാജ്യത്തെ യുവാക്കളുടെ ബഹിരാകാശ പര്യവേഷണത്തിനുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും വഹിച്ചു കൊണ്ടാണ് കുവൈറ്റ് സാറ്റ്-1 ഭ്രമണപഥത്തിലെത്തുന്നതെന്ന് കുവൈറ്റ് സാറ്റലൈറ്റ് നാഷണൽ പ്രോജക്ട് ഓപ്പറേഷൻ ഡയറക്ടർ ഡോ. അഹമ്മദ് അൽ കന്ദരി പറഞ്ഞു. വിക്ഷേപിച്ച് നാല് മണിക്കൂറും രണ്ട് മിനിറ്റും കൊണ്ട് കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്റ്റേഷനിൽ നിന്ന് ഉപഗ്രഹത്തിന് ആദ്യ സന്ദേശം അയയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപഗ്രഹ നിർമാണത്തിനായി മൂന്ന് ലക്ഷത്തി പതിനായിരം ദിനാറാണ് ചിലവായത്.


Kuwait's first indigenously built satellite, Kuwait SAT-1, will be launched on January 3

Similar Posts