ബഹിരാകാശത്ത് ഒരു മാസം: കുവൈത്തിന്റെ ആദ്യ ഉപഗ്രഹം സാറ്റ്-1 വിജയകരമായി ദൗത്യം തുടരുന്നു
|വരും ദിവസങ്ങളിൽ ചിത്രങ്ങൾ അടക്കമുള്ളവ ഉപഗ്രഹം അയക്കുമെന്നാണ് സൂചന
കുവൈത്തിൻറെ ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ് -1 വിജയകരമായി ദൗത്യം തുടരുന്നു. ജനുവരി മൂന്നിന് വിക്ഷേപിച്ച ഉപഗ്രഹം ബഹിരാകാശത്ത് ഒരു മാസം പിന്നിട്ടു.
ഉപഗ്രഹം വിക്ഷേപണത്തിന് ശേഷമുള്ള പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് നാഷണൽ പ്രോജക്ട് ഡയറക്ടറും കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സയൻസ് ഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഹെഡുമായ ഡോ. ഹാല അൽ ജസ്സാർ പറഞ്ഞു. ഉപഗ്രഹം ഭൂമിയെ ചുറ്റുകയും രണ്ടോ മൂന്നോ മാസം തുടരുകയും ചെയ്യും. വരും ദിവസങ്ങളിൽ ചിത്രങ്ങൾ അടക്കമുള്ളവ ഉപഗ്രഹം അയക്കുമെന്നാണ് സൂചന.
ഉപഗ്രഹവുമായുള്ള സാങ്കേതിക സംഘത്തിന്റെ ആശയവിനിമയം മികച്ചതാണ്. കുവൈത്ത് യൂനിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സയൻസിലെ ഗ്രൗണ്ട് സ്റ്റേഷനിൽ നിന്ന് സിഗ്‌നലുകൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതായും അവർ പറഞ്ഞു. ഉപഗ്രഹത്തിൻറെ സുരക്ഷ പരിശോധിക്കാൻ സാങ്കേതിക സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ഡോ. ഹാല അൽ ജസ്സാർ അറിയിച്ചു.