ഒട്ടക പരിപാലനത്തിൽ വീഴ്ച വരുത്തി; കുവൈത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പരിസ്ഥിതി പൊലീസ്
|പ്രതികളിൽ നിന്നും 22 ഒട്ടകങ്ങളെ പിടിച്ചെടുത്തു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒട്ടകത്തെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് പേരെ പരിസ്ഥിതി പൊലീസ് അറസ്റ്റ് ചെയ്തു. ജഹ്റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ്, പബ്ലിക് എൻവയോൺമെന്റ് അതോറിറ്റി, പരിസ്ഥിതി പൊലീസ് എന്നീവർ സംയുക്തമായി നടത്തിയ പരിശോധയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും 22 ഒട്ടകങ്ങളെ പിടിച്ചെടുത്തു. ഒട്ടകത്തെ മേയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
പ്രതികളെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പരിസ്ഥിതി ലംഘനങ്ങൾ തടയുന്നതിനുമുള്ള പരിശോധനയിലാണ് നടപടി. അതിനിടെ സംയുക്ത സംഘത്തിന്റെ നേതൃത്വത്തിൽ ജഹ്റ പ്രദേശത്ത് നടത്തിയ ക്യാമ്പയിനിൽ ഭൂമി കയ്യേറ്റങ്ങൾ അടക്കം നിരവധി പാരിസ്ഥിതിക ലംഘനങ്ങൾ കണ്ടെത്തി. ലംഘനം നടത്തിയ കുറ്റക്കാർക്കെതിരെ നിയമനടപടികൾ അടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.