ലുലു എക്സേഞ്ച് കുവൈത്തിൽ പുതിയ ശാഖ തുറന്നു
|ആഗോളതലത്തിൽ 284ാമത്തെ ശാഖയാണിത്
മുൻനിര സാമ്പത്തിക സേവന ദാതാക്കളായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് കുവൈത്തിൽ നെറ്റ്വർക്ക് വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി സൗത്ത് സബാഹിയ വെയർഹൗസ് മാളിൽ പുതിയ ശാഖ തുറന്നു. കുവൈത്തിൽ ലുലു എക്സേഞ്ചിന്റെ 34-ാമത്തെയും ആഗോളതലത്തിൽ 284-ാമത്തെയും ശാഖയാണിത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസുഫലി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ.മതർ ഹമദ് ഹ്ലൈസ് അൽമകസഫ അൽ നെഹ്യദി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ യു.കെ അംബാസഡർ ബെലിൻഡ ലൂയിസ്, ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ.മനേലിസി ഗെംഗെ, ഒമാൻ അംബാസഡർ ഡോ.സാലിഹ് ബിൻ അമർ അൽഖറൂസി എന്നിവരും പങ്കെടുത്തു.
കുവൈത്ത് ലുലു എക്സേഞ്ചിന്റെ പ്രധാന പ്രവർത്തന മേഖലയാണെന്നും ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന വിശ്വാസവും പിന്തുണയും വലുതാണെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. പുതിയ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് നൽകുന്ന പതിവ് സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളുടെ തടസ്സങ്ങളില്ലാത്ത വിനിമയം സുഗമമാക്കുകയും ചെയ്യും. ഡിജിറ്റൽ നവീകരണത്തെ പരിപോഷിപ്പിക്കുന്നതും മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതുമായ അന്തരീക്ഷം ഒരുക്കിയതിന് കുവൈത്ത് സർക്കാരിനോടും റെഗുലേറ്റർമാരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.