കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും പങ്കാളിക്കും 12 വർഷം തടവും 34 ദശലക്ഷം കുവൈത്തി ദിനാർ പിഴയും
|വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലാണ് ശിക്ഷ
കുവൈത്ത് സിറ്റി: വഞ്ചന- കള്ളപ്പണം വെളുപ്പിക്കൽ കേസുകളിലായി കുവൈത്തിലെ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും പങ്കാളിക്കും 12 വർഷം തടവും 34 ദശലക്ഷം കുവൈത്തി ദിനാർ പിഴയും. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഭേദഗതി ചെയ്യാൻ അപ്പീൽ കോടതി വിധിച്ചതോടെ രണ്ട് വർഷം കൂടി തടവ് ശിക്ഷ ലഭിച്ചു. കള്ളപ്പണം വെളുപ്പിച്ചതിന് 10 വർഷത്തെ തടവും വഞ്ചനാ കുറ്റത്തിന് രണ്ട് വർഷം അധിക തടവും കോടതി ശരിവെക്കുകയായിരുന്നു. കൂടാതെ, 34 ദശലക്ഷം കുവൈത്തി ദിനാർ പിഴ കോടതി നിലനിർത്തുകയും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സമ്പാദ്യം കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു.
പ്രതികൾക്കെതിരായ കുറ്റങ്ങൾ വീണ്ടും പരിശോധിക്കാൻ അപ്പീലിനിടെ ഇരകളുടെ അഭിഭാഷകൻ അബ്ദുൽ മുഹ്സിൻ അൽഖത്താൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ തീവ്രത കണക്കിലെടുത്ത് പിഴകൾ വർദ്ധിപ്പിക്കണമെന്ന് വാദിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി ശിക്ഷ വർധിപ്പിച്ചത്.
നേരത്തെ പ്രതികൾക്ക് 10 വർഷം കഠിന തടവും കമ്പനിക്ക് 34 ദശലക്ഷം ദിനാർ പിഴയും സ്വത്തുക്കൾ കണ്ടുകെട്ടലുമാണ് ക്രിമിനൽ കോടതി പ്രാഥമികമായി വിധിച്ചിരുന്നത്. കള്ളപ്പണം വെളുപ്പിച്ചതിലും വിദേശത്ത് നിന്ന് ആഡംബര കാറുകൾ ഇറക്കുമതി ചെയ്യുന്ന പദ്ധതികളിലൂടെ 400-ലധികം പൗരന്മാരടക്കമുള്ള അറബികളെയും വഞ്ചിച്ചതിലും പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ വിധി.