മെഡിക്കല്‍ നിരക്ക് സര്‍ക്കാര്‍ ഫാർമസികളിൽ നിന്ന് മരുന്നുകൾ വാങ്ങുന്ന വിദേശികൾക്ക് മാത്രം; കുവൈത്ത്
|സര്‍ക്കാര്‍ ക്ലിനിക്കുകളിലും ആശുപത്രികളിലും മരുന്നിന് ഫീസ് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് ഉത്തരവ് പ്രഖ്യാപിച്ചത്
കുവൈത്തില്‍ വിദേശികള്‍ക്ക് പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും ഏര്‍പ്പെടുത്തിയ മെഡിക്കല്‍ നിരക്ക് സര്‍ക്കാര്‍ ഫാർമസികളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നവർക്ക് മാത്രമാണ് ബാധകമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു .
സര്‍ക്കാര്‍ ക്ലിനിക്കുകളിലും ആശുപത്രികളിലും മരുന്നിന് ഫീസ് ഏര്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് ഉത്തരവ് പ്രഖ്യാപിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം വന്നതോടെ പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും ചികത്സ നേടുന്ന വിദേശികള്‍ക്ക് പുറമേനിന്നുള്ള സ്വകാര്യ ഫാര്‍മസിയില്‍ നിന്നും മരുന്ന് വാങ്ങുവാന്‍ കഴിയും.എന്നാല്‍ ഫാര്‍മസി സേവനം ആവശ്യമില്ലാത്തവര്‍ നിലവിലെ കണ്‍സല്‍ട്ടേഷന്‍ ഫീസ് നല്‍കിയാല്‍ മതിയെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ നിര്‍ദ്ദേശത്തില്‍ ഇളവ് നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസി വീട്ടുജോലിക്കാര്‍ക്ക് ഏറെ ആശ്വാസമായി. വിദേശികള്‍ക്ക് ഏർപ്പെടുത്തിയ പുതിയ ചികിത്സാ ഫീസ് വർദ്ധനവ് വഴി സര്‍ക്കാരിന് പ്രതിവർഷം 50 ദശലക്ഷം ദിനാറിലധികം വരുമാനം ലഭിമെന്നാണ് പ്രതീക്ഷിക്കുന്നത്. ആതുര സേവന രംഗം മെച്ചപ്പെടുത്തുന്നതിനും മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നത് തടയാനുമാണ് പുതിയ സംവിധാനമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.