കുരങ്ങു പനി: കുവൈത്ത് ആരോഗ്യമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
|കുരങ്ങു പനി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം നടപ്പാക്കിയ പ്രോട്ടോക്കോൾ തന്നെ പിന്തുടരാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം
കുവൈത്ത് സിറ്റി: കുരങ്ങു പനി സംശയിക്കപ്പെടുകയോ സ്ഥിരീകരിക്കുകയോ ചെയ്താൽ പാലിക്കേണ്ട നടപടിക്രമങ്ങൾ പുറത്തിറക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഓപ്പറേഷൻ പ്രോട്ടോക്കോൾ ആണ് ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കുമായി അധികൃതർ പുറത്തിറക്കിയത്. ഗൾഫിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലക്കാണ് നടപടി.
കുരങ്ങു പനി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം നടപ്പാക്കിയ പ്രോട്ടോക്കോൾ തന്നെ പിന്തുടരാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്‍റെ തീരുമാനം. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മാത്രമാണ് പ്രോട്ടോക്കോൾ നടപ്പാക്കുക. നിർദേശം എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കും കൈമാറിയിട്ടുണ്ട്. രോഗബാധ സംശയിക്കപ്പെടുന്ന വ്യക്തികളെ അന്തിമ ഫലം ലഭിക്കുന്നത് വരെ നിരീക്ഷണത്തിൽ പാർപ്പിക്കണമെന്നും, വ്യാപനം തടയുന്നതിനുള്ള നടപടികൾ കൃത്യമായി പാലിക്കുകയും വേണമെന്നും മന്ത്രാലയം നിർദേശിച്ചു. രോഗം സ്ഥിരീകരിച്ചാൽ പ്രത്യേക ഐസ്വലേഷൻ വാർഡിൽ ആണ് ചികിത്സ ഒരുക്കേണ്ടത്. ഐസ്വലേഷൻ കാലയളവ് കഴിയുന്നത് വരെ മാർഗനിർദേശം പാലിക്കുകയും രോഗിയുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും സർക്കുലറിൽ പറയുന്നു.
സ്‌മോൾ പോക്സ് വാക്സിൻ സ്റ്റോക്ക് വർധിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇവ കുരങ്ങുപനിയെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോൾ പോക്സ് വാക്സിന്‍റെ 5000 ഡോസ് കൂടി വാങ്ങി സ്റ്റോക്ക് വര്‍ധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. രാജ്യത്ത് ഇതുവരെ കുരങ്ങു പനി സംശയിക്കപ്പെടുന്ന ഒരു കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുന്‍കരുതലിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
The Kuwaiti Ministry of Health has issued guidelines on monkey pox