അര്‍ബുദ രോഗികളുടെ പരിചരണത്തിനായി കുവൈത്തില്‍ രണ്ടായിരത്തിലേറെ നഴ്സുമാര്‍ക്ക് പ്രത്യേക പരിശീലനം
|കുവൈത്തില്‍ അര്‍ബുദ രോഗികളുടെ പരിചരണത്തിനായി രണ്ടായിരത്തിലേറെ നഴ്സുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയതായി കാന്‍സര്‍ അവയര്‍നെസ്സ് നാഷന്‍. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ 2,235 നഴ്‌സുമാരാണ് കാനിന്റെ കീഴില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയത്.
ആറുവര്‍ഷം കൊണ്ടാണ് ആരോഗ്യമന്ത്രാലയത്തിലെ 2235 നഴ്സുമാര്‍ കാന്‍സര്‍ അവയര്‍നെസ്സ് നാഷന്‍ കാമ്പയിന് കീഴില്‍ പ്രത്യേക പരിശീലനം നേടിയത്. ആരോഗ്യമന്ത്രാലയത്തിലെ നഴ്സിങ് ഡിപ്പാര്‍ട്‌മെന്റിന്റെ സഹകരണത്തോടെ 2016 ഫെബ്രുവരിയില്‍ ആരംഭിച്ച പരിശീലന പരിപാടി വഴിയാണ് ഇത്രയും പേര്‍ക്ക് അര്‍ബുദ രോഗികളെ പരിചരിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കിയത്.
ട്രെയിനിങ് പ്രോഗ്രാമിന്റെ 86ാമത് ബാച്ച് ഈ മാസം പരിശീലനം പൂര്‍ത്തിയാക്കിയയതായി കാന്‍ പ്രതിനിധിയും അര്‍ബുദ രോഗവിദഗ്ധനുമായ ഡോ. ഖാലിദ് അല്‍-സലേഹ് പറഞ്ഞു.
കാന്‍സര്‍ രോഗികളുമായും അവരുടെ കുടുംബങ്ങളുമായും, ആശയവിനിമയം നടത്തുന്നതിലും, രോഗികള്‍ക്ക് മാനസികമായ ധൈര്യം പകരുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പ്രാവീണ്യം നല്‍കുകയാണ് പരിശീലനപദ്ധതിയുടെ ലക്ഷ്യം. പരിശീലനം നേടിയ നഴ്സുമാര്‍ക്ക്, ക്യാന്‍സര്‍ രോഗത്തെ കുറിച്ചും രോഗം ബാധിക്കാനുള്ള കാരണങ്ങളെ കുറിച്ചും രോഗികളെ ബോധ്യപ്പെടുത്താന്‍ എളുപ്പത്തില്‍ സാധിക്കും. രോഗത്തിന്റെ വ്യാപ്തി, പ്രാരംഭ ലക്ഷണങ്ങള്‍, രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം, പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നതിനു 'കാന്‍' ട്രെയിനിങ് പ്രോഗ്രാം നഴ്‌സുമാരെ പ്രാപ്തരാക്കുന്നതായി ഡോ. ഖാലിദ് കൂട്ടിച്ചേര്‍ത്തു.