ദേശീയ ദിനാഘോഷം; കരിമരുന്ന് പ്രയോഗത്തിനായി ഗൾഫ് സ്ട്രീറ്റ് ഇന്ന് ഭാഗികമായി അടച്ചിടും
|ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൻ കരിമരുന്ന് പ്രദർശനം സംഘടിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്. കരിമരുന്ന് പ്രയോഗത്തിനായി ഗൾഫ് സ്ട്രീറ്റ് ഇന്ന് ഭാഗികമായി അടച്ചിടും. പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് സൗജന്യ ഷട്ടിൽ ബസ് സർവിസുകളും ഒരുക്കും.
വൈകിട്ട് 5.30 മുതൽ പരിപാടി അവസാനിക്കുന്നത് വരെയാണ് ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിട്ടിരിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്ത് ടവറിന്റെ പരിസരത്ത് രാത്രി 8 മണിക്കാണ് കരിമരുന്ന് പ്രദർശനം ആരംഭിക്കുക. ഹവല്ലി പാർക്ക്, ഷർഖ് മാർക്കറ്റ്, ഷർഖ് പൊലീസ് സ്റ്റേഷന് എതിർവശം, ഗൾഫ് സ്ട്രീറ്റിലെ യാച്ച് ക്ലബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സൗജന്യ ഷട്ടിൽ ബസ് സർവിസ് ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കരിമരുന്ന് പ്രദർശനം നടത്തിയിരുന്നു.
സ്വദേശികളും പ്രവാസികളും സുരക്ഷാ ജീവനക്കാരുമായും ട്രാഫിക് ജീവനക്കാരുമായും പൂർണ്ണമായി സഹകരിക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അടിയന്തര സഹായങ്ങൾക്കായി 112 എന്ന ഹോട്ട്‌ലൈനിൽ വിളിക്കണമെന്നും അധികൃതർ അറിയിച്ചു.