കുവൈത്തിൽ പ്രവാസി തൊഴിൽ നിയമനത്തിന് പുതിയ മാർഗനിർദേശം
|സെൻട്രൽ എംപ്ലോയ്മെന്റ് സിസ്റ്റം ലിസ്റ്റിലെ കുവൈത്തി തൊഴിലന്വേഷകരെ പരിഗണിക്കണം
കുവൈത്ത് സിറ്റി: കുവൈത്തികളല്ലാത്തവരെ കരാറിലോ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് പുതിയ മാർഗനിർദേശം നൽകി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്സി). ഈ തൊഴിലുകളിൽ വേണ്ട ശാസ്ത്രീയ സ്‌പെഷ്യലൈസേഷനോടെ സെൻട്രൽ എംപ്ലോയ്മെന്റ് സിസ്റ്റം ലിസ്റ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തി തൊഴിലന്വേഷകരെ പരിഗണിക്കണമെന്നാണ് നിർദേശം. മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും ഗവൺമെൻറ് വകുപ്പുകൾക്കുമാണ് നിർദേശം നൽകിയത്.
വെയിറ്റിംഗ് ലിസ്റ്റിലുള്ള യോഗ്യതയുള്ള കുവൈത്തികളുടെ നിയമനം ഉറപ്പാക്കുകയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ഈ തീരുമാനം നടപ്പാക്കുന്നതിന് ഗവൺമെൻറ് ഏജൻസികൾ അവരുടെ സ്ഥാപനത്തിലുള്ള ജോലി ഒഴിവുകൾ ക്രോഡീകരിച്ച് ഒക്ടോബർ ഒന്നിന് കമ്മീഷൻ മുമ്പാകെ സമർപ്പിക്കണം. സിവിൽ സർവീസ് കമ്മീഷൻ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.