റമദാന് മുന്നോടിയായി മുബാറക്കിയ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥരുടെ പരിശോധന
|റമദാനില്‍ അമിത വില ഈടാക്കരുതെന്ന് കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി
റമദാന് മുന്നോടിയായി കുവൈത്തിലെ മുബാറക്കിയ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ പര്യടനം നടത്തി. റമദാനില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ പൈതൃക വ്യാപാര കേന്ദ്രമായ മുബാറക്കിയ മാര്‍ക്കറ്റില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പര്യടനം നടത്തിയത്.
മാംസവില്‍പന ശാലകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം റമദാനില്‍ അമിത വില ഈടാക്കരുതെന്ന് കട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. ഗുണമേന്മയില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന സജീവമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജംഇയ്യകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ എല്ലാ ഭക്ഷ്യോല്‍പന്ന കേന്ദ്രങ്ങളിലും പരിശോധകരെത്തും. കേടായ സാധനങ്ങള്‍ വില്‍ക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാല്‍ കനത്ത പിഴ ചുമത്തും. അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
റമദാനില്‍ അവശ്യക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ചൂഷണം ചെയ്ത് കൃത്രിമ വിലവര്‍ധന ഉണ്ടാക്കുന്നത് അനുവദിക്കില്ല. കമ്പോള വില നിലവാരം നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവശ്യ സാധനങ്ങളുടെ വില വര്‍ധന നേരിടുന്നതിനാവശ്യമായ നടപടികള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.