പൂട്ടിപ്പോയ കമ്പനികളില്‍നിന്ന് ഇഖാമ മാറ്റാന്‍ പ്രവാസികള്‍ക്ക് അവസരമൊരുങ്ങുന്നു
|കുവൈത്തില്‍ പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് തങ്ങളുടെ ഇഖാമ മാറ്റാന്‍ പ്രവാസികള്‍ക്ക്അവസരമൊരുങ്ങുന്നു. തൊഴില്‍ തട്ടിപ്പിനിരയായി കുവൈത്തില്‍ എത്തിയ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ് കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ പുതിയ തീരുമാനം.
രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഫയലുകള്‍ അടച്ചിരിക്കുന്ന കമ്പനികൾക്ക് കീഴിലുള്ള പ്രവാസി ജീവനക്കാര്‍ക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് റസിഡന്‍സി മാറ്റുവാന്‍ കഴിയും.
മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം. ഇഖാമ ട്രാൻസ്ഫർ പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൂട്ടിപോവുകയോ , സസ്പെൻഡ് ചെയ്തതോ ആയ കമ്പനിയിൽ വർക്ക് പെർമിറ്റ് നൽകി 12 മാസത്തിൽ കൂടുതൽ കഴിഞ്ഞാൽ ജീവനക്കാരെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുവാന്‍ അനുവദിക്കും.
അതിനിടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇഖാമ ട്രാൻസ്ഫറിന് മിനിമം 3 വർഷമെങ്കിലും കഴിഞ്ഞിരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ അടക്കമുള്ള നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കും കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ പുതിയ തീരുമാനം.