പാര്‍ലമെന്റ് സമ്മേളനം തയ്യാറെടുപ്പ് തുടങ്ങി; മന്ത്രിസഭ പ്രഖ്യാപനം ഉടന്‍
|നേരത്തെ പ്രഖ്യാപിച്ച മന്ത്രിമാരില്‍ നിന്ന് ചിലരെ ഒഴിവാക്കിയേക്കും
കുവൈത്ത് സിറ്റി: പതിനേഴാം കുവൈത്ത് പാര്‍ലമെന്റ് സമ്മേളനം ഒക്‌ടോബർ 18 ചൊവ്വാഴ്ച ആരംഭിക്കും. നേരത്തെ പ്രഖ്യാപിച്ച മന്ത്രിമാരില്‍ നിന്ന് ചിലരെ ഒഴിവാക്കിയേക്കും . ഈ ആഴ്ച തന്നെ പുതിയ മന്ത്രിസഭ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകള്‍.
ദേശീയ അസംബ്ലി ഉത്ഘാടന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി നാഷണൽ അസംബ്ലി സെക്രട്ടറി ജനറൽ അദെൽ അൽ ലഗാനി അറിയിച്ചു. ഉദ്ഘാടന സെഷനിൽ പങ്കെടുക്കുന്നതിനായി മുൻ പാര്‍ലിമെന്റ് പ്രതിനിധികൾ,മുതിർന്ന ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ എന്നീവര്‍ക്കുള്ള ക്ഷണക്കത്തുകള്‍ അയച്ച് തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ പതിനൊന്നിന് പാര്‍ലിമെന്റ് കൂടുവാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച മന്ത്രിസഭ അംഗങ്ങള്‍ക്കെതിരെ ദേശീയ അസംബ്ലി അംഗങ്ങള്‍ രംഗത്ത് വന്നതിനെത്തുടര്‍ന്ന് പാര്‍ലിമെന്റ് സമ്മേളനം 18 ലേക്ക് മാറ്റുകയായിരുന്നു.കുവൈത്ത് ഭരണഘടന പ്രകാരം ആദ്യ സമ്മേളനത്തിന് മുമ്പേ കാബിനറ്റ് രൂപീകരിക്കേണ്ടതുണ്ട്. അതിനിടെ പ്രധാനമന്ത്രി മുഴുവന്‍ പാര്‍ലിമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ ആശാവഹമായിരുന്നുവെന്നും എം.പിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുകയെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.