കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആഭ്യന്തരമന്ത്രാലയം
|അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആഭ്യന്തരമന്ത്രാലയം. അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് ആണ് വിമാനത്താവളം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചത്. യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും പിക്ക് ചെയ്യാനും എത്തുന്ന സ്വകാര്യ വാഹനങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച പരിശോധനയിൽ 20 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അറിയിച്ചു.
രാജ്യത്തിന്റെ മുഖമായ വിമാനത്താവളത്തിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് അനധികൃത ടാക്സി സർവീസുകൾക്കെതിരെയുള്ള ക്യാമ്പയിൻ. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ എന്നും അധികൃതർ ഓർമപ്പെടുത്തി. അംഗീകൃത എയർപോർട്ട് ടാക്സികളിലെ ഡ്രൈവർമാർ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും അംഗീകൃത ടാക്സികളിൽ സാധനങ്ങൾ മറന്നു വെച്ചാൽ തിരികെ ലഭിക്കാൻ എളുപ്പമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി .