Kuwait
കുവൈത്തില്‍ പൊലീസിനെ തൊട്ടാല്‍ ഇനി കണ്ണെരിയും
Kuwait

കുവൈത്തില്‍ പൊലീസിനെ തൊട്ടാല്‍ ഇനി "കണ്ണെരിയും"

ഹാസിഫ് നീലഗിരി
|
14 April 2022 8:01 AM GMT

പട്രോളിങ്ങിനിടെ സര്‍വീസ് പിസ്റ്റലിനൊപ്പം പെപ്പര്‍ സ്‌പ്രേ കൂടി കരുതാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം

പട്രോളിങ്ങിനിടെ സര്‍വീസ് പിസ്റ്റലിനൊപ്പം പെപ്പര്‍ സ്‌പ്രേ കൂടി കരുതാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. പൊലീസുകാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയം പെപ്പര്‍ സ്‌പ്രേ ലഭ്യമാക്കിയത്. സ്വയരക്ഷക്കായുള്ള ഇവയുടെ ഉപയോഗം സംബന്ധിച്ച് പെരുമാറ്റച്ചട്ടവും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.

ഇതനുസരിച്ച്, ആക്രമിക്കപ്പെടുമ്പോള്‍ സ്വയം പ്രതിരോധത്തിനോ മറ്റുള്ളവരുടെ രക്ഷക്ക് വേണ്ടിയോ സ്‌പ്രേ പ്രയോഗം നടത്താന്‍ പൊതുസുരക്ഷാ റാങ്കിലുള്ള പോലീസുകാര്‍ക്ക് അവകാശമുണ്ടായിരിക്കും. ആക്രമകാരികളായ ക്രിമിനലുകളുമായി ഇടപെടുന്ന ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു നടപടിയുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നിരിക്കുന്നത്.





1960ലെ 17ാം നമ്പര്‍ ക്രിമിനല്‍ നിയമം, 1968ലെ 23ാം നമ്പര്‍ പോലീസ് നിയമം എന്നിവ പ്രകാരം, തങ്ങളുടെ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ ബലപ്രയോഗങ്ങള്‍ക്കും ക്രമിനലുകളുമായി ഇടപെടുമ്പോള്‍ ആവശ്യമാണെങ്കില്‍ ആയുധങ്ങള്‍ ഉപയോഗിക്കാനും പോലീസിന് അനുവാദം നല്‍കുന്നുണ്ട്.

തങ്ങളെ ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനുമെതിരെയുെ പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ കുരുമുളക് സ്പ്രേയോ മറ്റു ആയുധങ്ങളോ ഉപയോഗിക്കാന്‍ പൊതുസുരക്ഷാ റാങ്കിലുള്ള പോലീസുകാര്‍ക്കാണ് അവകാശമുള്ളത്. എങ്കിലും ഇതിന്റെ ദുരുപയോഗം പാടില്ലെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ കുരുമുളക് സ്പ്രേ ഉപയോഗിക്കുമ്പോള്‍ അത് മറ്റു വ്യക്തികളെ ബാധിക്കാതെ സൂക്ഷിക്കുകയും വേണമെന്നും മുന്നറിയിപ്പുണ്ട്.

Similar Posts