കുവൈത്തിൽ അക്കൗണ്ട് വിവരം കൈമാറിയയാൾക്ക് 4,784 ദിനാർ നഷ്ടമായി
|ബാങ്ക് കാർഡ് പ്രവർത്തനരഹിതമാണെന്ന് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് വിവരം കൈമാറിയത്
കുവൈത്ത് സിറ്റി: ബാങ്ക് കാർഡ് പ്രവർത്തനരഹിതമാണെന്ന് വ്യാജ സന്ദേശം ലഭിച്ചതിനെ തുടർന്ന് അക്കൗണ്ട് വിവരം കൈമാറിയയാൾക്ക് 4,784 ദിനാർ നഷ്ടമായി. 41 കാരനായ ബദൂനിക്കാണ് പണം നഷ്ടമായത്.
ഒരു പ്രാദേശിക മൊബൈൽ നമ്പറിൽനിന്ന് ലഭിച്ച സന്ദേശം സത്യമാണെന്ന് കരുതിയ ബദൂനി അതിലെ ഫോൺ നമ്പറിൽ വിളിക്കുകയായിരുന്നു. അപ്പോൾ കാർഡിന്റെ പ്രശ്നം തീർക്കാൻ അക്കൗണ്ട് വിവരം ആവശ്യപ്പെട്ടു. ഇത് നൽകിയതും മിനിട്ടുകൾക്കുള്ളിൽ പണം നഷ്ടമായി. ഒമ്പത് ഇടപാടുകളിലായി പണം പിൻവലിക്കുകയായിരുന്നു. അൽ സുലൈബിയ അന്വേഷണ വകുപ്പിന് മുമ്പാകെ ബദൂനിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഈ ഇടപാടുകൾക്ക് താൻ അനുമതി നൽകിയിട്ടില്ലെന്നും മോഷണം നടത്തിയത് ആരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂട്ടർ കേസ് ക്രിമിനൽ കുറ്റമായി കണക്കാക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ബാങ്കിംഗ് മോഷണത്തിൽ വൈദഗ്ധ്യമുള്ള ശൃംഖലയുടെ ഭാഗമായ, കുറ്റവാളിയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാങ്ക് ജീവനക്കാരായി നടിച്ച് വ്യക്തികളോ സംഘങ്ങളോ അക്കൗണ്ട് വിവരം ചോദിച്ചാൽ നൽകരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. ബാങ്ക് വിശദാംശങ്ങൾ ചോദിക്കാനോ കാർഡുകൾ പുതുക്കാനോ ആഭ്യന്തര മന്ത്രാലയവും ബാങ്കുകളും ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടില്ലെന്നും വ്യക്തമാക്കി.
കുവൈത്തികളും പ്രവാസികളും വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളും സംശയാസ്പദമായ ലിങ്കുകളും ഒഴിവാക്കണമെന്നും നിർദേശിച്ചു. ഇവയിലൂടെയും തട്ടിപ്പുകാർക്ക് വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ കൈവശപ്പെടുത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി.