സൂക്ഷിക്കുക! ഇൻഷുറൻസ് നിക്ഷേപ തട്ടിപ്പുമായി വ്യാജ അക്കൗണ്ടുകൾ
|മുന്നറിയിപ്പ് നൽകി കുവൈത്തിലെ പബ്ലിക് ഇൻസ്റ്റിറ്റിയൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി
കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ സംബന്ധിച്ച് പബ്ലിക് ഇൻസ്റ്റിറ്റിയൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി (പിഐഎഫ്എസ്എസ്) പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അൽജരിദ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തട്ടിപ്പുകാർ ഇൻഷുറൻസ് അല്ലെങ്കിൽ അനുബന്ധ കമ്പനികളുമായി ബന്ധപ്പെട്ട വ്യാജ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതായാണ് വാർത്ത. ജീവനക്കാർ, ബിസിനസ്സ് ഉടമകൾ, വിരമിച്ചവർ എന്നിവർക്ക് വിരമിക്കലിന് ശേഷം പെൻഷന് പിന്തുണ നൽകുമെന്ന് അവകാശപ്പെട്ടതായും പറയുന്നു.
വ്യാജ അക്കൗണ്ടുകൾ വഴിയാണ് ഈ വ്യാജ വിവരം പ്രചരിക്കുന്നതെന്നും വ്യക്തികൾ അവരുമായി ഇടപഴകുകയോ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്താൽ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും പിഐഎഫ്എസ്എസ് വ്യക്തമാക്കി. അത്തരം അക്കൗണ്ടുകളുമായോ ലിങ്കുകളുമായോ ഇടപാട് നടത്തരുതെന്നും ഉപദേശിച്ചു. തട്ടിപ്പുകൾക്ക് ഇരയാകുന്നത് തടയാൻ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിൽ നിന്ന് വ്യക്തികൾ വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിച്ചു.