Kuwait
കുവൈത്തിൽ പുതിയ സർക്കാർ രുപീകരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു
Kuwait

കുവൈത്തിൽ പുതിയ സർക്കാർ രുപീകരണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു

Web Desk
|
8 Jun 2023 3:48 PM GMT

50 അംഗ ദേശീയ അസംബ്ലിയില്‍ 29 എണ്ണത്തിലും പ്രതിപക്ഷ അംഗങ്ങളാണ് വിജയിച്ചത്

കുവൈത്തിൽ നാഷണൽ അസംബ്ലിയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ പുതിയ സർക്കാർ രുപീകരണത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. കഴിഞ്ഞ പാര്‍ലിമെന്റില്‍ അംഗങ്ങളായിരുന്ന 38 പേര്‍ പുതിയ ദേശീയ അസംബ്ലിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 50 അംഗ ദേശീയ അസംബ്ലിയില്‍ 29 എണ്ണത്തിലും പ്രതിപക്ഷ അംഗങ്ങളാണ് വിജയിച്ചത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ രാജ്യത്ത് 11 പൊതുതെരഞ്ഞെടുപ്പുകളാണ് നടന്നത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ യുവാക്കളുടെയും പ്രെഫഷനലുകളുടെയും സാന്നിധ്യം കൂടുതലായാതോടെ സുസ്ഥിരമായ പാർലമെന്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരും പൊതുജനങ്ങളും. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ക്രിയാത്മക പദ്ധതികൾ നടപ്പാക്കുന്നിടത്തോളം കാലം സര്‍ക്കാരുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ എം.പിമാർ വ്യക്തമാക്കി.

അതിനിടെ പാര്‍ലമെന്റ് സ്പീക്കർ സ്ഥാനത്തേക്ക് മുന്‍ സ്പീക്കറും പ്രമുഖ പ്രതിപക്ഷ നേതാവുമായ അഹമ്മദ് അൽ സഅദൂൻ വീണ്ടും മത്സരിക്കും . നേരത്തെ മൂന്ന് തവണ പാർലമെന്റ് സ്പീക്കറായിട്ടുണ്ട് അൽ സദൂൻ. പ്രതിപക്ഷ എംപിമാരുടെ പിന്തുണയോടെ അഹ്‌മദ് സഅദൂൻ മജ്‌ലിസ് അൽ ഉമ്മയിൽ അധ്യക്ഷ പദവിയിലെത്തുമെന്നാണ് സൂചന. 2020 ലെ പാര്‍ലമെന്റ് പിരിച്ചുവിടുകയും 2022 സെപ്റ്റംബറിലെ തെരഞ്ഞെപ്പ് ഭരണഘടന കോടതി അസാധുവാക്കുകയും ചെയ്തതോടെയാണ് രാജ്യം മറ്റൊരു തെരഞ്ഞെടുപ്പുലേക്ക് നീങ്ങിയത്. 1962-ൽ പാർലമെന്ററി സമ്പ്രദായം സ്വീകരിച്ചതിനുശേഷം കുവൈത്തില്‍ പന്ത്രണ്ട് തവണയാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്.

Related Tags :
Similar Posts