കുവൈത്ത് തീപിടിത്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
|അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ തീപിടുത്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. അപകടത്തിൽപ്പെട്ടവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രി മോദി പറഞ്ഞു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചു. കുവൈത്തിലെ മംഗഫിൽ ഫ്‌ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മലയാളികളടക്കം 49 പേർ മരിച്ചിരുന്നു. 43 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. മരിച്ചവരിൽ മൂന്ന് മലയാളികളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞുട്ടുള്ളത്. കൊല്ലം ഓയൂർ സ്വദേശി ഷമീർ, പന്തളം സ്വദേശി ആകാശ് എസ്. നായർ, പാമ്പാടി സ്വദേശി ഇടിമാലിൽ സ്റ്റെഫിൻ ഏബ്രഹാം സാബു എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ ആദർശ് സ്വായിക അപകടത്തിൽപ്പെട്ടവരെ സന്ദർശിച്ചു. കൂടാതെ രക്ഷാപ്രവർത്തനത്തിനായി എംബസി ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം.പി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. അടിയന്തര സഹായവും ചികിത്സാ ചെലവും ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാനും ഇടപെടമെന്ന് കെ.സി വേണു ഗോപാൽ പറഞ്ഞു.
അതേസമയം, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് വേണ്ട സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മന്ത്രി കുവൈത്തിലേക്ക് പോവുന്നത്. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള നടപടികളും അദ്ദേഹം സ്വീകരിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രി ഷൈഖ് ഫഹദ് അൽ സബാഹ് അപകട സ്ഥലം സന്ദർശിച്ചു. തുടർ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 196 പേരാണ് കെട്ടടത്തിലുണ്ടായിരുന്നത്. എല്ലാവരെയും ഒഴിപ്പിച്ചിട്ടുണ്ട്.