കുവൈത്തിൽ അനധികൃത മദ്യ നിർമാണശാലയിൽ റെയ്ഡ്: നാല് പ്രവാസികൾ അറസ്റ്റിൽ
|214 വലിയ ബാരലുകൾ, വാറ്റിയെടുക്കാനുള്ള എട്ട് ബാരലുകൾ, മദ്യം നിറച്ച 400 കുപ്പികൾ, 500 ബാഗ് നിർമാണ സാമഗ്രികൾ തുടങ്ങിയവ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി:കുവൈത്തിൽ അനധികൃത മദ്യ നിർമാണശാലയിൽ നടത്തിയ റെയ്ഡിൽ നാല് പ്രവാസികൾ അറസ്റ്റിൽ. ഉമ്മുൽ ഹൈമൻ ഏരിയയിലെ കേന്ദ്രത്തിൽ നിന്ന് അൽഅഹമ്മദി ഡിറ്റക്ടീവുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്ന് ലഹരി പദാർഥങ്ങൾ അടങ്ങിയ 214 വലിയ ബാരലുകൾ, വാറ്റിയെടുക്കാനുള്ള എട്ട് ബാരലുകൾ, വിൽപ്പനയ്ക്ക് തയ്യാറായ 400 കുപ്പി മദ്യം, 500 ബാഗ് നിർമാണ സാമഗ്രികൾ, പാക്കേജിംഗിനായുള്ള 1,600 ഒഴിഞ്ഞ കുപ്പികൾ എന്നിവയുൾപ്പെടെ വസ്തുക്കൾ റെയ്ഡിൽ പിടിച്ചെടുത്തു.
അലി സബാഹ് അസ്സാലിം (ഉമ്മുൽ ഹൈമാൻ) ഏരിയയിലെ ബ്ലോക്ക് ആറിൽ പ്രവർത്തിക്കുന്ന മദ്യശാലയുടെ സാന്നിധ്യത്തെക്കുറിച്ച് അബ്ദുല്ല, അലി സബാഹ് അസ്സാലിം പോർട്ട് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് ലഭിച്ച വിവരമാണ് അന്വേഷണത്തിന് വഴി തുറന്നത്. സംഭവത്തിന്റെ വിശ്വാസ്യത പരിശോധിച്ചതിനെത്തുടർന്ന്, അന്വേഷണവുമായി മുന്നോട്ട് പോകാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറിൽ നിന്ന് നിയമപരമായ അംഗീകാരം ലഭിച്ചിരുന്നു. 650 ദിനാറിന് ഒരു വീടു മുഴുവൻ വാടകയ്ക്കെടുത്തതായും മദ്യം ഉൽപ്പാദിപ്പിക്കുന്നതിന് ഒരു വർഷത്തിലേറെ ഉപയോഗിച്ചതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കുളിമുറിയും അടുക്കളയുമുൾപ്പെടെ വീടിന്റെ എല്ലാ ഭാഗങ്ങളും മദ്യനിർമാണത്തിനായി പുനർനിർമിച്ചതായി വെളിപ്പെടുത്തി.