റമദാൻ: ഒരുക്കം ആരംഭിച്ചതായി കുവൈത്ത് ഔഖഫ് മന്ത്രാലയം
|റമദാനിലെ രാത്രി നമസ്കാരമായ തറാവീഹിന് പുറമേ ഇഅതികാഫ്, മത പഠന ക്ലാസുകൾ എന്നിവയും പള്ളികളിൽ നടക്കും
വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ചതായി കുവൈത്ത് ഔഖഫ് മന്ത്രാലയം. രാജ്യത്ത് റമദാൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. കുവൈത്തിലെ ആറു ഗവർണറേറ്റുകളിലായുള്ള വിവിധ പള്ളികളാണ് റമദാനിനെ വരവേൽക്കാൻ ഒരുങ്ങുന്നത്.
റമദാനിലെ രാത്രി നമസ്കാരമായ തറാവീഹിന് പുറമേ ഇഅതികാഫ്, മത പഠന ക്ലാസുകൾ എന്നിവയും പള്ളികളിൽ നടക്കും. കുവൈത്തിലെ 1600 ലേറെ പള്ളികളിൽ റമദാനിന് വേണ്ടിയുള്ള സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഔഖാഫ് മന്ത്രി ഡോ. അബ്ദുൽ അസീസ് അൽ മജീദ് അറിയിച്ചു.
കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളികളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തീകരിക്കാൻ വിവിധ ഗവർണറേറ്റുകളിലെ മസ്ജിദ് ഡയറക്ടർമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി.
പള്ളികളിലെ സുരക്ഷ, യാചകരെ തടയുക, റമദാൻ മാസത്തിൽ സംഭാവനകൾ നിയന്ത്രിക്കുക, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. അതിനിടെ സ്ത്രീകൾക്ക് പള്ളികളിൽ ഇഅതികാഫിനുള്ള സൗകര്യം ഒരുക്കുമെന്നും സൂചനകളുണ്ട്.
Ramadan: Kuwait Ministry of Awqaf has started preparations