കുവൈത്തിൽ 4000 വർഷങ്ങൾക്ക് മുമ്പുള്ള പ്രാർഥനാ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
|വെങ്കലയുഗത്തിലെ ദിൽമുൻ സംസ്കാരവും നാഗരികതയുമായി അടുത്തുനിൽക്കുന്ന വസ്തുക്കളാണ് ഫൈലാക്ക ദ്വീപിൽ നിന്ന് ലഭിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ നിന്ന് 4000 വർഷങ്ങൾക്ക് മുമ്പുള്ള പ്രാർഥനാ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വെങ്കലയുഗത്തിലെ ദിൽമുൻ സംസ്കാരവും നാഗരികതയുമായി അടുത്തുനിൽക്കുന്ന വസ്തുക്കളാണ് ലഭിച്ചത്. കുവൈത്ത്- ഡെൻമാർക് പുരാവസ്തു പര്യവേഷണ സംഘമാണ് ഇവ കണ്ടെത്തിയത്.
പുതിയ കണ്ടെത്തൽ അറേബ്യൻ ഗൾഫിൽ ഫൈലാക്ക ദ്വീപിന്റെ സുപ്രധാനമായ സാംസ്കാരിക, വ്യാപാര, സാമൂഹിക പൈതൃകം എടുത്തുകാട്ടുന്നതായി കുവൈത്ത് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചർ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റദ പറഞ്ഞു.
ചെറിയ പ്രാർഥനാലയത്തിന്റെ പ്ലാറ്റ്ഫോമിന്റെ ഭാഗമെന്ന് കരുതുന്ന മതിലുകളുടെ പുരാവസ്തുക്കൾ മുമ്പ് കണ്ടെത്തിയിരുന്നതായി ഡാനിഷ് പുരാവസ്തു പര്യവേഷണ തലവൻ ഡോ. സ്റ്റെഫാൻ ലാർസൻ പറഞ്ഞു.
നിരവധി പുരാവസ്തുക്കൾ ഉൾപ്പെടുന്ന ക്ഷേത്രത്തിന്റെ മുഴുവൻ രൂപകല്പനയും സംഘം ഈ വർഷം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഈ അസാധാരണ കണ്ടെത്തൽ ദിൽമുൻ നാഗരികതയുടെ മതപരമായ ആചാരങ്ങൾ മനസ്സിലാക്കുന്നതിലെ വഴിത്തിരിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ കണ്ടെത്തൽ പ്രാദേശികമായും മേഖലയിൽ ആകമാനവും പ്രാധാന്യമുള്ളതുമാണെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി നരവംശശാസ്ത്ര പ്രൊഫസർ ഹസൻ അഷ്കനാനി പറഞ്ഞു. ബിസി മൂന്നാം സഹസ്രാബ്ദം മുതൽ കിഴക്കൻ അറേബ്യയിലെ പുരാതന സെമിറ്റിക് ഭാഷ സംസാരിക്കുന്ന വിഭാഗമാണ് ദിൽമുൻ.