സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചും ഫോൺവിളിച്ചും തട്ടിപ്പുകള്‍ അധികരിക്കുന്നു
|കുവൈത്തില്‍ സൈബര്‍ തട്ടിപ്പുകാർ പുതുരൂപത്തിൽ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന സന്ദേശങ്ങൾ അയച്ചും, ഫോൺവിളിച്ചുമാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്.
മലയാളികളടക്കം നിരവധി പേർക്കാണ് ഇത്തരത്തിൽ പൈസ നഷ്ടപ്പെട്ടത്. മുമ്പും പലരൂപത്തിലുള്ള തട്ടിപ്പുകളും നടന്നിട്ടുണ്ടെങ്കിലും കൃത്യമായ രേഖകൾ പറഞ്ഞും പൊലീസ് വേഷത്തിൽ വിഡിയോകാളിൽ എത്തിയുമാണ് ഇത്തവണത്തെ തട്ടിപ്പ്.
ആളുകളെ കുറിച്ച് മുഴുവൻ വിവരങ്ങളും മനസ്സിലാക്കിയാണ് തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്. വിളിക്കുന്നവരുടെ സിവിൽ ഐ.ഡി നമ്പർ, രക്തഗ്രൂപ്, ജോലി ചെയ്യുന്ന സ്ഥലം, ബാങ്ക് വിവരങ്ങൾ എന്നിവയെല്ലാം വിളിക്കുന്നവർ വ്യക്തമായി പറയുന്നുണ്ട്.
അതിനിടെ സൈബര്‍ തട്ടിപ്പുകളെ കുറിച്ച് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗതാഗത ലംഘനവുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ അയക്കാറില്ലെന്നും സര്‍ക്കാര്‍ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ സഹേൽ ആപ്ലിക്കേഷന്‍ വഴി മാത്രമേ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്നുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു. ഓൺലൈൻ പണമിടപാടുകൾക്കു മുമ്പ് വിശ്വാസ്യത ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.