കുവൈത്തിൽ സുരക്ഷാപരിശോധന കർശനമാക്കി; നിരവധി പ്രവാസികളെ നാടുകടത്തി
|മെഡിക്കല്‍ ക്ലിനിക്കുകളിലും ആരോഗ്യ സേവന കേന്ദ്രങ്ങളിലും സലൂണുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ വിപണി ശുദ്ധീകരിക്കുന്നതിന്‍റെ ഭാഗമായി വ്യാപക സുരക്ഷാപരിശോധന തുടരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദേശ പ്രകാരമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കിയത്.
താമസ- തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത 600ലേറെ പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് രാജ്യത്ത് പരിശോധനയ്ക്ക് മേല്‍നോട്ടം നല്‍കുന്നത്. മെഡിക്കല്‍ ക്ലിനിക്കുകളിലും ആരോഗ്യ സേവന കേന്ദ്രങ്ങളിലും സലൂണുകളിലുമാണ് പ്രധാനമായും കഴിഞ്ഞദിവസം പരിശോധനകള്‍ നടന്നത്.
റെസിഡന്‍സ് നിയമലംഘകരായ പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. ലൈസന്‍സില്ലാതെ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറും പിടിയിലായി. രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച 90 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ എല്ലാവരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.