ഉന്തുവണ്ടികളിലെ ഐസ്ക്രീം വിൽപ്പന; മാർഗ നിർദേശങ്ങളുമായി കുവൈത്ത് പൊലീസ്
|മോട്ടോർകാർട്ടുകളും , ഉന്തുവണ്ടികളും ഹൈവേകളിലും റിംഗ് റോഡുകളിലും ഓടിക്കാൻ അനുവാദമുണ്ടാകില്ല
കുവൈത്തിൽ ഉന്തുവണ്ടികളിൽ ഐസ്ക്രീം വിൽപ്പന നടത്തുന്നവർക്ക് പുതിയ മാർഗനിർദേശങ്ങളുമായി പൊലീസ്. ഗതാഗത മേഖലയിൽ നടപ്പാക്കുന്ന സമഗ്ര പരിഷ്കരണ നടപടികളുടെ ഭാഗമായാണ് വഴിയോര ഐസ്ക്രീം കച്ചവടക്കാർക്ക് ആഭ്യന്തരമന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ആഭ്യന്തര മന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ ഹമദ് അസ്സ്വബാഹിന്റെ നിർദേശപ്രകാരം രാജ്യത്തെ ട്രാഫിക് മേഖല വ്യവസ്ഥാപിതമാക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വഴിയോരത്തു ഉന്തുവണ്ടികളിലും മോട്ടോർ കാർട്ടുകളിലും ഐസ്ക്രീമും ശീതള പാനീയങ്ങളും വിൽക്കുന്നവർക്ക് ട്രാഫിക്ക് വകുപ്പ് പെരുമാറ്റ ചട്ടം നിശ്ചയിച്ചത്. ഇതനുസരിച്ചു മോട്ടോർകാർട്ടുകളും , ഉന്തുവണ്ടികളും ഹൈവേകളിലും റിംഗ് റോഡുകളിലും ഓടിക്കാൻ അനുവാദമുണ്ടാകില്ല.
മോട്ടോർ ബൈക്ക് ഓടിക്കാൻ വെണ്ടർമാർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഐസ്ക്രീം കാർട്ടിൽ ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളിന് നമ്പർ പ്ലേറ്റ് ഉണ്ടായിരിക്കുകയും അത് വ്യക്തമായി കാണുന്ന തരത്തിൽ ആയിരിക്കുകയും വേണം. മോട്ടോർ ബൈക്കുകൾ നല്ല വർക്കിംഗ്കണ്ടീഷനിൽ ആയിരിക്കണം മോട്ടോർ ബൈക്ക് ഓടിക്കുമ്പോൾ ഡ്രൈവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണം രാത്രികാലങ്ങളിൽ പ്രതിഫലിക്കുന്ന വസ്ത്രം ധരിക്കണം . നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ വിലപ്പനക്കാരനെ അറസ്റ്റ് ചെയ്യുകയും കാർട്ട് പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ടാക്സി കാബുകൾക്കും , ട്രാൻസ്‌പോർട്ട് ബസുകൾക്കും , ഡെലിവറി ബൈക്കുകൾക്കും സമാന സ്വഭാവത്തിലുള്ള മാർഗനിർദേശങ്ങൾ ആഭ്യന്തരമന്ത്രാലയം നൽകിയിരുന്നു.