കുവൈത്തില്‍ പ്രവാസികള്‍ക്ക് ബ്ലഡ് ബാഗിന് ഏര്‍പ്പെടുത്തിയ സേവന ഫീസ് കുറവാണെന്ന് അധികൃതര്‍
|ആരോഗ്യ മേഖലയിലെ സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്ന സമിതി ഒന്നര വർഷത്തെ പഠനത്തിന് ശേഷമാണ് ഫീസ് തീരുമാനിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ബ്ലഡ് ബാഗിന് ഏര്‍പ്പെടുത്തിയ സേവന ഫീസ് മേഖലയിലെ മറ്റ് രാജ്യങ്ങളേക്കാള്‍ കുറവാണെന്ന് അധികൃതര്‍. ഫീസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നത്.
രാജ്യത്ത് ബ്ലഡ് ബാഗുകള്‍ക്കും മറ്റ് ലബോറട്ടറി സേവനങ്ങള്‍ക്കും പ്രവാസി രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ്, മേഖലയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്ന സമിതി ഒന്നര വർഷത്തെ പഠനത്തിന് ശേഷമാണ് ഫീസ് തീരുമാനിച്ചത്. രക്തം ആവശ്യമായ അടിയന്തിര മെഡിക്കൽ കേസുകൾ, ഗുരുതരമായ കേസുകൾ, കുട്ടികളുടെ കേസുകൾ, കാൻസർ കേസുകൾ എന്നിവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബ്ലഡ് ബാഗുകളുടെ സംരക്ഷണം, കൈമാറ്റം, ലബോറട്ടറി പരിശോധന തുടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് സേവന നടപടിക്രമങ്ങൾക്കാണ് ഫീസ് ഈടാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ തീരുമാന പ്രകാരം താമസ രേഖയുള്ള പ്രവാസി രോഗികള്‍ ഓരോ ബ്ലഡ് ബാഗിനും 20 ദിനാറും സന്ദർശന വിസയിലുളളവര്‍ 40 ദിനാറുമാണ് നല്‍കേണ്ടത്. 37 ഓളം ലാബ് പരിശോധനകൾക്കും ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.