![കുവൈത്തിൽ വോട്ട് കച്ചവടത്തിലേർപ്പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തു കുവൈത്തിൽ വോട്ട് കച്ചവടത്തിലേർപ്പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തു](https://www.mediaoneonline.com/h-upload/2022/09/20/1320298-vote-buying-currencies.webp)
കുവൈത്തിൽ വോട്ട് കച്ചവടത്തിലേർപ്പെട്ട ഏഴുപേരെ അറസ്റ്റ് ചെയ്തു
![](/images/authorplaceholder.jpg?type=1&v=2)
20,000 ദിനാറും വോട്ടർമാരുടെ ലിസ്റ്റും കണ്ടുകെട്ടി
വോട്ട് കച്ചവടത്തിലേർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി അൽ റായ് പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ വോട്ട് കച്ചവടത്തിലേർപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
പരിശോധനയിൽ കൈമാറ്റത്തിനായി നീക്കിവെച്ച പണവും വോട്ടർ ലിസ്റ്റും പിടിച്ചെടുത്തു. വോട്ടാവശ്യപ്പെട്ടും പകരം പണം വാഗ്ദാനം ചെയ്തും നിയമവിരുദ്ധമായി വോട്ട് കച്ചവടം നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. പ്രതികളെ ചോദ്യം ചെയ്യാനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. വോട്ട് വാങ്ങിയതായി സംശയിക്കുന്ന വീട്ടിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നേരത്തെ ഒന്നാം മണ്ഡലത്തിൽ വോട്ട് വാങ്ങിയതിന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 29ന് 50 അംഗ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 356 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അഞ്ചുമണ്ഡലങ്ങളിൽനിന്നായി 10 പേരെ വീതമാണ് തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പിന് പത്ത് ദിവസം കൂടി ബാക്കി നിൽക്കേ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.