Kuwait
ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് കുവൈത്ത് കിരീടാവകാശി
Kuwait

ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് കുവൈത്ത് കിരീടാവകാശി

Web Desk
|
2 Jun 2024 5:53 AM GMT

അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് ശനിയാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു.

കുവൈത്ത് സിറ്റി : മുൻ പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹിനെ രാജ്യത്തിന്റെ പുതിയ കിരീടാവകാശിയായി നാമനിർദേശം ചെയ്തുകൊണ്ട് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് ശനിയാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു. കുവൈത്ത് ഭരണഘടന പ്രകാരം, 1896 നും 1915 നും ഇടയിൽ കുവൈത്ത് ഭരിച്ച ശൈഖ് മുബാറക് അൽ-കബീറിന്റെ പിൻഗാമികളിൽ നിന്നുള്ളവരായിരിക്കണം അമീറും കിരീടാവകാശിയും.

കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശൈഖ് സബാഹ് അൽ ഖാലിദ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1998-ൽ അവസാനിച്ച കുവൈത്ത് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ തലവനായി അദ്ദേഹം നിയമിതനായി. 2006 ജൂലൈയിൽ സാമൂഹ്യകാര്യ-തൊഴിൽ മന്ത്രിയായി അദ്ദേഹം തന്റെ ആദ്യ മന്ത്രിസ്ഥാനം ഏറ്റെടുത്തു. പിന്നീട് വാർത്താവിതരണ, നീതിന്യായ, ഇസ്ലാമിക കാര്യങ്ങളുടെ മന്ത്രിയായി.

2011 മുതൽ 2019 വരെ ശൈഖ്‌സബാഹ് അൽ-ഖാലിദ് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായി സേവനം തുടർന്നു. ശേഷം, ശൈഖ്ജാബർ അൽ-മുബാറക് അൽ-ഹമദ് അൽ-സബാഹിന്റെ പിൻഗാമിയായി അദ്ദേഹം ആദ്യമായി പ്രധാനമന്ത്രിയായി നിയമിതനായി. പുതിയ സർക്കാർ രൂപീകരിക്കാനുള്ള ഓഫർ നിരസിച്ചതോടെ 2022-ൽ ഗവൺമെന്റിന്റെ തലവനായ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു. എന്നാൽ മുൻ പ്രധാനമന്ത്രി എന്ന നിലയിൽ സുപ്രധാന പരിപാടികളിൽ പങ്കെടുക്കുന്നത് തുടർന്നു.

കുവൈത്ത് ഭരണഘടന പ്രകാരം, പുതിയ കിരീടാവകാശിയെ ദേശീയ അസംബ്ലി അംഗീകരിക്കണം, എന്നാൽ പാർലമെന്റ് പിരിച്ചുവിടുകയും ഭരണഘടനയുടെ ഭാഗങ്ങൾ അമീർ നാല് വർഷത്തേക്ക് മരവിപ്പിക്കുകയും ചെയ്തതിനാൽ, അദ്ദേഹത്തിന് അംഗീകാരം ആവശ്യമില്ല. എന്നിരുന്നാലും, ആവശ്യമായ ഭരണഘടനാപരമായ നടപടികൾ കൈക്കൊള്ളുന്നതിനായി ഉത്തരവ് മന്ത്രി സഭയെ അറിയിക്കാൻ പ്രധാനമന്ത്രി ശൈഖ്അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹിനോട് അമീരി ഉത്തരവ് ആവശ്യപ്പെട്ടിട്ടുണ്ട്.
Similar Posts