പഴമയുടെ പ്രൗഢിയുമായി കുവൈത്തിലെ സുഖ് മുബാറക്കിയ
|നിരവധി മാര്‍ക്കറ്റുകളുടെ സമുച്ചയമാണ് സുഖ് മുബാറക്കിയ
കുവൈത്ത് സിറ്റി: പഴമയുടെ പ്രൗഢിയുമായി കുവൈത്തിലെ സുഖ് മുബാറക്കിയ. രാജ്യ തലസ്ഥാന നഗരിയായ കുവൈത്ത് സിറ്റിയിലെ അബ്ദുല്ല അല്‍ മുബാറക്, ഫലസ്തീന്‍ സ്ട്രീറ്റുകള്‍ക്കിടയിലാണ് സൂഖ് മുബാറക്കിയ സ്ഥിതി ചെയ്യുന്നത്. കുറഞ്ഞത് 200 വര്‍ഷമെങ്കിലും ഈ തെരുവിന് പഴക്കമുണ്ട്. വഴികളില്‍ നിറയെ തൂങ്ങിയാടുന്ന പാനൂസ് വിളക്കുകളും കടലാസ് തോരണങ്ങളുടെയും അലങ്കാര വിളക്കുകളുടെയും മായാ ജാലമാണ് ഇവിടം.
ചെറു പീടികകളുടെ ഓരത്ത് സുഗന്ധം പരത്തുന്ന പുകച്ചുരുളുകള്‍ ശ്വസിച്ച് പുരാതനമായ വഴികളിലൂടെ നടക്കാം. പഴമയെ ആധുനികതയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച് പുനരാവിഷ്‌കരിക്കുന്ന മനോഹരമായ കാഴ്ചകളും കല്ലുപതിച്ച നടപ്പാതകളും ഇവിടെ കാണാനാവും. റമദാന്‍ സീസണ്‍ സുഖ് മുബാറക്കിയയില്‍ ഉറങ്ങാത്ത രാവുകളാണ്. കാഴ്ചകളുടെ മനോഹാരിത ആനന്ദകരമായ അനുഭൂതിയാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.
കുവൈത്തിലെ ഈ മാര്‍ക്കറ്റുകളുടെ മാതാവ് റമദാനിലും രാത്രിയിലും കൂടുതല്‍ സജീവമാണ്. ഏതൊരു സന്ദര്‍ശകനും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കാന്‍ കഴിയുന്ന പരമ്പരാഗത തെരുവുകള്‍. മാര്‍ക്കറ്റിലൂടെ ഒന്ന് കൈവീശി നടന്നാല്‍ തന്നെ ഉള്ളം നിറയും. റമദാന്‍ ആയതിനാല്‍ പുരാതനവും പുതിയതുമായ കെട്ടിടങ്ങളുമൊക്കെ അലങ്കാരവിളക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പകലോ രാത്രിയോ എന്നില്ലാതെ കുവൈത്തികളും സ്വദേശികളും അടക്കം ആയിരങ്ങളാണ് ഓരോ രാത്രിയിലും ഇവിടെ എത്തിച്ചേരുന്നത്. നിരവധി മാര്‍ക്കറ്റുകളുടെ സമുച്ചയമാണ് സുഖ് മുബാറക്കിയ.
പേര്‍ഷ്യന്‍ സില്‍ക്ക് പരവതാനികള്‍, അറബ് പുരാവസ്തുക്കള്‍, കസ്തൂരി, ഊദ് തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍, ഹോട്ടലുകള്‍, മത്സ്യ മാര്‍ക്കറ്റ് തുടങ്ങിയ എല്ലാം ഇവിടെ ലഭ്യമാണ്. വിപുലമായ സൗകര്യങ്ങളും അതിവിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകരെ സേവിക്കാനായി വളന്റിയര്‍മാരുടെ വലിയ സംഘമാണ് തയാറായി നില്‍ക്കുന്നത്.