കുവൈത്തില്‍ സിവിൽ ഐഡി കാര്‍ഡുകളുടെ വിതരണം വേഗത്തിലാക്കാന്‍ നടപടി
|കുവൈത്തില്‍ സിവിൽ ഐഡി കാര്‍ഡുകളുടെ വിതരണം വേഗത്തിലാക്കുവാന്‍ നടപടികള്‍ സ്വീകരിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. ഇതോടെ സിവില്‍ ഐ.ഡി വിതരണത്തില്‍ അനുഭവപ്പെടുന്ന കാലതാമസം ഇല്ലതാകുമെന്നാണ് പ്രതീക്ഷ.
പാസി ജനറല്‍ മാനേജര്‍ ജമാല്‍ അല്‍ മുതൈരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ നീക്കം. സിവില്‍ ഐ.ഡി കാര്‍ഡുകള്‍ പുതുക്കുന്ന അപേക്ഷ സ്വീകരിച്ച് ഒന്നു മുതൽ മൂന്നു പ്രവൃത്തിദിവസം വരെയുള്ള സമയപരിധിക്കുള്ളിൽ കാർഡുകൾ ലഭ്യമാക്കുവാനുള്ള സൗകര്യമാണ് ഒരുക്കുക.
നിലവില്‍ 13,000 കാർഡുകളാണ് വിതരണം ചെയ്യുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 20,000 കാർഡുകകള്‍ വിതരണം ചെയ്യുവാനുള്ള സജ്ജീകരണമാണ് പാസി കേന്ദ്രങ്ങളില്‍ ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു.
പാസി കേന്ദ്രങ്ങളില്‍ തയ്യാറായ സിവില്‍ ഐ.ഡി കാർഡുകൾ ശേഖരിക്കാത്ത വ്യക്തികൾക്ക് പിഴ ചുമത്തുവാനും നീക്കമുണ്ട്. കാര്‍ഡുകള്‍ കിയോസ്ക് മെഷിനുകളില്‍ കെട്ടികിടക്കുന്നതും പുതിയ കാര്‍ഡുകളുടെ വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നതായി അധികൃതര്‍ പറഞ്ഞു.