കുവൈത്തിൽ തെരുവ് നായശല്യം രൂക്ഷം; അധികൃതര്‍ ഇടപെടുന്നു
|നായ്ക്കളുടെ പ്രജനനം തടയാൻ ആൺ നായ്ക്കളെ വന്ധ്യംകരിക്കുമെന്നും അൽ-ഔദ് വ്യക്തമാക്കി.
കുവൈത്ത്: കുവൈത്തിലെ തെരുവ് നായശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ആനിമൽ ഹെൽത്ത് അധികൃതര്‍ ഇടപെടുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ തെരുവ് നായ പ്രശ്നം പൂർണമായും പരിഹരിക്കുമെന്ന് ആനിമൽ ഹെൽത്ത് ഡയറക്ടർ വലീദ് അൽ- ഔദ് പറഞ്ഞു.
തെരുവ് നായ്ക്കളെ നേരിടാനായി ഈ മേഖലയില്‍ വിദഗ്ധരായ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതായി ആനിമൽ ഹെൽത്ത് ഡയറക്ടർ വലീദ് അൽ-ഔദ് അറിയിച്ചു. വളർത്തുനായ്ക്കളെ ദത്തെടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കും. അതോടൊപ്പം നായ്ക്കളുടെ പ്രജനനം തടയാൻ ആൺ നായ്ക്കളെ വന്ധ്യംകരിക്കുമെന്നും അൽ-ഔദ് വ്യക്തമാക്കി.
രാജ്യത്തിലെ വിവിധ താമസ മേഖലകളില്‍ കൂട്ടമായെത്തുന്ന നായകള്‍ പൊതുനിരത്തുകളില്‍ നിലയുറപ്പിച്ച് ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. ഒരു മാസത്തിനിടെ ഒട്ടേറെപേര്‍ക്കാണ് നായ്ക്കളുടെ ആക്രണത്തില്‍ പരിക്കേറ്റത്.
സ്കൂള്‍ കുട്ടികളേയും കാല്‍നട യാത്രക്കാരെയും വാഹനങ്ങളില്‍ എത്തുന്നവരെയും പുറകെ ഓടി ആക്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇന്ത്യക്കാര്‍ ഏറെ താമസിക്കുന്ന അബ്ബാസിയയിലും തെരുവ് നായശല്യം രൂക്ഷമായിരുന്നു.
അക്രമകാരികളായ തെരുവ് നായ്ക്കളെ അടിയന്തരമായി പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിവിധ റസിഡന്‍സ് സംഘടനകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും ഇന്ത്യന്‍ എംബസി അധികൃതര്‍ക്കും നേരത്തെ പരാതികള്‍ നല്‍കിയിരുന്നു.