കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ശക്തം
|പൊതുമാപ്പ് കാലാവധി കഴിഞ്ഞതോടെയാണ് ആഭ്യന്തര മന്ത്രലായത്തിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്
കുവൈത്ത് സിറ്റി : കുവൈത്തിൽ പൊതുമാപ്പ് കാലാവധി കഴിഞ്ഞതോടെ ആഭ്യന്തര മന്ത്രലായത്തിന്റെ നേതൃത്വത്തിൽ താമസ നിയമലംഘകർക്കായി പരിശോധന ശക്തമാക്കി. സിവിൽ ഐ.ഡിയും കൃത്യമായ രേഖകളും ഇല്ലാത്തവരെ പിടികൂടിയാൽ ഉടനടി നിയമനടപടികൾ സ്വീകരിച്ച് കുവൈത്തിൽ നിന്ന് നാടുകടത്തും.
ഖുറൈൻ, ഹവല്ലി, മഹ്ബൂല മാർക്കറ്റുകളിൽ നടത്തിയ സുരക്ഷാ ക്യാമ്പയ്നിൽ 149 നിയമലംഘകരെ പിടികൂടി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. താമസരേഖകൾ പരിശോധിക്കുന്നതിന് റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് ഉൾപ്പടെ ഓരോ ഗവർണറേറ്റിലും പദ്ധതി തയാറാക്കിയാണ് അധികൃതർ നിരത്തിലിറങ്ങുന്നത്.
അതിനിടെ പരിശോധന ശക്തമായതോടെ രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഷുവൈഖ്, ജലീബ് അൽ-ഷുയൂഖ്, ഖൈത്താൻ, ഫർവാനിയ തുടങ്ങിയ പ്രദേശങ്ങളിലാണ് തൊഴിലാളികൾക്ക് ക്ഷാമം നേരിടുന്നത്. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പരിശോധനയിൽ പിടികൂടുമെന്ന ഭയത്താൽ തൊഴിലാളികൾ ജോലിക്ക് വരാത്തതാണ് പ്രതിസന്ധിക്ക് കാരണം. നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റൗണ്ട്എബൗട്ടുകളിലും, സ്ട്രീറ്റുകളിലും ദിവസക്കൂലി അടിസ്ഥാനത്തിൽ തൊഴിലാളികളെ ലഭ്യമായിരുന്നു. എന്നാൽ പൊതുമാപ്പ് കാലാവധി കഴിഞ്ഞ് പരിശോധന ആരംഭിച്ചതോടെ അത്തരത്തിലുള്ള തൊഴിലാളികളും തെരുവിൽ നിന്ന് അപ്രത്യക്ഷമായി.