കുവൈത്തില്‍ വേനല്‍ക്കാലം ആരംഭിച്ചു; താപനില വര്‍ധിക്കും
|നേരിയ തോതിൽ കാറ്റ് വീശും. കടലിൽ ഒന്നു മുതൽ നാലു അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നും അൽ ഖരാവി പറഞ്ഞു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനല്‍ക്കാലം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ദിവസങ്ങളില്‍ താപനില വര്‍ധനയുണ്ടാകും. ഗള്‍ഫ് മേഖലയില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത്.
കുവൈത്തില്‍ ഈ ആഴ്ചയോടെ രാജ്യത്ത് താപനിലയിൽ വർധനയുണ്ടാകുമെന്നും പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യം വേനൽക്കാലത്തിലേക്ക് പ്രവേശിച്ചതായും ഇനിയുള്ള ദിവസങ്ങളിൽ പകല്‍ സമയങ്ങളില്‍ താപനില 40 ഡിഗ്രിയിലേക്ക് ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
നേരിയ തോതിൽ കാറ്റ് വീശും. കടലിൽ ഒന്നു മുതൽ നാലു അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നും അൽ ഖരാവി പറഞ്ഞു. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആണ്. 30 ഡിഗ്രി സെൽഷ്യസിന് താഴെ മാത്രമായിരുന്ന രാജ്യത്തെ ഉയർന്ന താപനില ഈ ആഴ്ചയോടെ 37-38 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിട്ടുണ്ട്.
മേയ് മാസത്തിൽ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടാറ്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്.