ഗാർഹിക തൊഴിലാളികളെ നൽകാമെന്ന് ഇൻസ്റ്റഗ്രാം പരസ്യം; നിരവധി പേരിൽനിന്ന് പണം വാങ്ങി മുങ്ങിയ പ്രതി പിടിയിൽ
|12 തട്ടിപ്പ് കേസുകൾക്ക് തുമ്പുണ്ടാക്കി ഹവല്ലി ഗവർണറേറ്റിലെ അന്വേഷണസംഘം
കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ നൽകാമെന്ന് ഇൻസ്റ്റഗ്രാം പരസ്യം നൽകി കുവൈത്തിൽ നിരവധി പേരിൽനിന്ന് പണം തട്ടിയ പ്രതി പിടിയിൽ. അഡ്വാൻസ് പെയ്മെന്റ് വാങ്ങിയ ശേഷം മുങ്ങിയയാളാണ് പിടിയിലായത്. ഇതോടെ ഹവല്ലി ഗവർണറേറ്റിലെ അന്വേഷണസംഘം 12 തട്ടിപ്പ് കേസുകൾക്ക് തുമ്പുണ്ടാക്കി. കുവൈത്ത് പൗരന്മാർ വീട്ടുജോലിക്കാരെ അന്വേഷിക്കുന്നത് മുതലെടുത്ത് ഒന്നിലധികം തട്ടിപ്പ് പദ്ധതികൾ നടത്തിയതായി പ്രതി സമ്മതിച്ചു.
ഗാർഹിക തൊഴിലാളികളുടെ സേവനങ്ങൾ നൽകുമെന്ന് കാണിച്ച് പ്രതി ഇൻസ്റ്റഗ്രാമിൽ പരസ്യം ചെയ്യുകയും ഇരകൾക്ക് തൊഴിലാളികളെന്ന് കരുതുന്നവരുടെ ഫോട്ടോകൾ അവർക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. ശേഷം 500 ദിനാർ വരെ അഡ്വാൻസ് പേയ്മെന്റുകൾ വാങ്ങുകയും തുടർന്ന് അവരുടെ കോളുകളോട് പ്രതികരിക്കുന്നത് നിർത്തുകയുമായിരുന്നുവെന്നാണ് സുരക്ഷാ വൃത്തങ്ങൾ പറയുന്നത്. തട്ടിപ്പിനായി പ്രത്യേക ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചതായും വിവിധ ഗവർണറേറ്റുകളിലായി 12 തട്ടിപ്പുകൾ നടത്തിയതായി സമ്മതിക്കുകയും ചെയ്തു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ചെലവഴിച്ചതായി ഇയാൾ അവകാശപ്പെട്ടു.
നിരവധി സംഭവങ്ങൾക്ക് ശേഷമാണ് അന്വേഷണം പ്രതിയുടെ അറസ്റ്റിലേക്കും നയിച്ചതെന്ന് അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞു.