കുവൈത്തിൽ മഴക്കാലത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ ഉപപ്രധാനമന്ത്രി വിലയിരുത്തി
|കുവൈത്തിൽ മഴക്കാലത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽഖാലിദ് അസ്വബാഹ് ജനറൽ ഫയർ ഫോഴ്സ് സപ്പോർട്ട് സെന്റർ സന്ദർശിച്ചു. മഴക്കാലത്തെ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ഫോഴ്സ് തയാറാക്കിയ പദ്ധതികൾ മന്ത്രി പരിശോധിച്ചു.
അഗ്നിരക്ഷാ സേനയുടെ അൽറായി സർവീസ് സെന്ററിലാണ് ശൈഖ് തലാൽ അന്ദർശനം നടത്തിയത്. ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയെ സ്വീകരിച്ചു. മഴക്കാലം മുന്നിൽ കണ്ടു രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
രക്ഷാപ്രവർത്തനം, വെള്ളം പിൻവലിക്കൽ, റോഡുകൾ തുറക്കൽ എന്നിവയിൽ നേരിട്ട് ഇടപെടുന്ന സപ്പോർട്ട് സെന്ററിന്റെ വിവിധ സംവിധാനങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. മിനുട്ടിൽ അഞ്ചരലക്ഷം ലിറ്റർ വെള്ളം പാമ്പു ചെയ്യാൻ കഴിയുന്ന ഇലക്ട്രിക്കൽ, മെക്കാനിക്കൽ പമ്പുകളും കൂടാതെ ലോകത്തിലെ ഏറ്റവും ആധുനികമായ ഹൈഡ്രോളിക് വാട്ടർ പമ്പുകളും സർവീസ് സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്.
വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്ന അഗ്നിശമന സേനാ വർക്ക്ഷോപ്പും മന്ത്രി അൽ ഖാലിദ് സന്ദർശിച്ചു. അഗ്നിശമന യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികളും പരിപാലനവുമാണ് വർക്ക് ഷോപ്പിൽ നടക്കുന്നത്. ദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ ഫീൽഡ് കമാൻഡ് എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിക്ക് വിശദീകരിച്ചു നൽകി.