കുവൈത്തിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണുമെന്ന് ഉപപ്രധാനമന്ത്രി
|ഗതാഗതക്കുരുക്ക് രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണെന്നും സമൂലമായ പരിഹാരം കാണുന്നതിന് ഉടൻ പദ്ധതികൾ തയാറാക്കുമെന്നും ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് പറഞ്ഞു.
കഴിഞ്ഞ ദിവസം ട്രാഫിക് ആന്റ് ഓപ്പറേഷൻസ് സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്, റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ആക്ടിങ് ഡയരക്ടർ ജനറൽ സുഹ അഷ്കനാനി എന്നിവരോടപ്പം സബാഹ് അൽ സാലമിൽ ഫീൽഡ് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
സ്കൂളുകൾ തുറന്നതോടെ രാജ്യത്തെ റോഡുകളിൽ കനത്ത ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. റോഡിലെ ഗതാഗതത്തിരക്ക് കുറക്കാൻ ഓഫിസുകളിൽ ഷിഫ്റ്റുകൾ നടപ്പാക്കുന്നതും സ്കൂൾ സമയമാറ്റമടക്കം നിരവധി നിർദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്. അതിനിടെ പരിഹാരമാർഗ്ഗമായി ഉയരുന്ന നിർദ്ദേശങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ വിപരീത ഫലം ഉളവാക്കുമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.