കുവൈത്തിലെ ലിഫ്റ്റ് അപകടത്തില്‍ നടപടിയുമായി ഫയർ ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ്
|കുവൈത്തിലെ ഖാദിസിയയിൽ നടന്ന ലിഫ്റ്റ് അപകടത്തില്‍ നടപടിയുമായി ഫയർ ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്റ്. സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എലിവേറ്റർ കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്തതായി കുവൈറ്റ് ഫയർഫോഴ്‌സ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദ് അറിയിച്ചു.
തുടര്‍ നടപടികള്‍ക്കായി കമ്പനിയെ ജുഡീഷ്യറിക്ക് റഫർ ചെയ്തിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ കമ്പനികള്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അൽ മക്രാദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് റെസിഡൻഷ്യൽ കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടയിൽ എലിവേറ്റർ കേബിള്‍ പൊട്ടി താഴേക്ക് പതിച്ച് തൊഴിലാളി മരണപ്പെട്ടത് .
അപകടം നടന്ന ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതിനും, പരിപാലിക്കുന്നതിനുമായി സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകള്‍ നടത്തണമെന്ന് ഫയർഫോഴ്‌സ് അധികൃതര്‍ അഭ്യര്‍ഥിച്ചു. അപകടത്തിൽ നേരത്തെ ലിഫ്റ്റ് കമ്പനിക്കെതിരെ കേസ് എടുത്തിരുന്നു.