ഇന്ത്യയിൽ നിന്നും നേരിട്ടുള്ള ആദ്യ വിമാനം കുവൈത്തിൽ പറന്നിറങ്ങി
|വെൽഫെയർ കേരള കുവൈത്ത് ആണ് വിമാനം ചാർട്ടർ ചെയ്ത് യാത്രക്കാരെ കൊണ്ടുവന്നത്
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിൽ നിന്നും നേരിട്ടുള്ള ആദ്യ വിമാനം കുവൈത്തിൽ പറന്നിറങ്ങി. വെല്‍ഫെയര്‍ കേരള കുവൈത്ത് ചാര്‍ട്ടര്‍ ജസീറ എയർ ലൈൻസ് വിമാനമാണ് കുവൈത്തിലെത്തിയത്. നിലച്ചു പോകുമായിരുന്ന ജീവനോപാധികള്‍ തിരിച്ചു കിട്ടിയ സന്തോഷത്തോടെയാണ് 167 യാത്രക്കാർ കുവൈത്തിൽ വിമാനമിറങ്ങിയത്.
നേരിട്ടുള്ള വിമാന സർവീസിന് കുവൈത്ത് അനുമതി നൽകിയത് ഉപയോഗപ്പെടുത്തി വെൽഫെയർ കേരള കുവൈത്ത് ആണ് വിമാനം ചാർട്ടർ ചെയ്ത് യാത്രക്കാരെ കൊണ്ടുവന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് പുറപ്പെടുന്ന ചാര്‍ട്ടര്‍ വിമാനം കുവൈത്ത് സമയം രാവിലെ ആറിന് കുവൈത്തില്‍ എത്തി. കുവൈത്തി വിമാന കമ്പനിയായ ജസീറ എയര്‍വേയ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നിരവധി പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന ഈ ചരിത്ര ദൗത്യം നിർവഹിക്കാനായതില്‍ ഏറെ ചാരിതാർഥ്യമുണ്ടെന്ന് ചാര്‍ട്ടര്‍ വിമാന പ്രൊജക്റ്റ് ടീം ലീഡറും വെല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡന്‍റുമായ ഖലീല്‍ റഹ്മാന്‍ പറഞ്ഞു.
ഇതിനകം തന്നെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പേര്‍ യാത്ര സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ടെന്നും സാധ്യമെങ്കില്‍ ഇനിയും ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഒരുക്കുമെന്നും വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്‍റ് അൻവർ സഈദ് പറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍ നിന്നും ഒരു സൗജന്യ ചാര്‍ട്ടര്‍ വിമാനം കഴിഞ്ഞ വര്‍ഷം വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കി അയച്ചിരുന്നു.