കുവൈത്തിലെ ഇന്ത്യന് പ്രവാസി സമൂഹം സ്വാതന്ത്ര്യദിനമാഘോഷിച്ചു
|ചൂടുള്ള കാലാവസ്ഥയെ അവഗണിച്ചും ഇന്ത്യൻ എംബസിയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്
കുവൈത്ത് സിറ്റി: എഴുപത്തിയെട്ടാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം. ചൂടുള്ള കാലാവസ്ഥയെ അവഗണിച്ചും ഇന്ത്യൻ എംബസിയിൽ നടന്ന 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. രാവിലെ 8 മണിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സ്ഥാനപതി ഡോ. ആദർശ് സൈ്വക ദേശീയ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചുകേൾപ്പിച്ചു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടു പോകുന്നതായും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വിവിധ മേഖലകളിൽ കൂടുതൽ കരുത്താർജിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പ്രത്യേക പരിഗണനക്ക് അദ്ദേഹം കുവൈത്ത് ഭരണാധികാരികൾക്ക് നന്ദി പ്രകടിപ്പിച്ചു ഇന്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കുവൈത്ത് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിരവധി പ്രശ്നങ്ങൾ പരിഹരിച്ചതായും മറ്റ് വിഷയങ്ങളിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനായി ഏത് സമയത്തും എംബസ്സിയുമായി ബന്ധപ്പെടാമെന്നും ഡോ. ആദർശ് സൈ്വക പറഞ്ഞു. നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ കുവൈത്തിലെ നിയമങ്ങൾ പാലിക്കണം. അതോടപ്പം റെസിഡൻസി, പാസ്പോർട്ട് തുടങ്ങിയവ കൃത്യസമയത്ത്തന്നെ പുതുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മോശം കാലാവസ്ഥയെ അവഗണിച്ചും സ്വാത്രന്ത്രദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ഡോ. ആദർശ് സൈ്വക നന്ദി പറഞ്ഞു.